Advertisement

വിൻഡീസിന് ‘ഹോപ്പ്’; ബംഗ്ലാദേശിന് 322 റൺസ് വിജയലക്ഷ്യം

June 17, 2019
Google News 1 minute Read

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് വെസ്റ്റ് ഇൻഡീസ് നേടിയത്. 96 റൻസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. മൂന്ന് വീതം വിക്കറ്റുകളിട്ട മുസ്തഫിസുർ റഹ്‌മാനും സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനു വേണ്ടി തിളങ്ങിയത്. അവസാന അഞ്ച് ഓവറുകളിൽ ഷായ് ഹോപ്പിൻ്റെയും ഡാരൻ ബ്രാവോയുടെയും മെല്ലെപ്പോക്കാണ് കൂറ്റൻ സ്കോറിൽ നിന്നും വിൻഡീസിനെ തടഞ്ഞത്.

വിൻഡീസ് ഓപ്പണർമാരെ വരിഞ്ഞു മുറുക്കിയാണ് ബംഗ്ലാദേശ് ബൗളിംഗ് ആരംഭിച്ചത്. നാലാം ഓവറിൽ റണ്ണൊന്നുമെടുക്കാതെ ക്രിസ് ഗെയിൽ പുറത്താവുമ്പോൾ 6 റൺസ് മാത്രമായിരുന്നു വിൻഡീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. സൈഫുദ്ദീൻ്റെ പന്തിൽ മുഷ്ഫിക്കർ റഹീം പിടിച്ച് ക്രിസ് ഗെയിൽ പുറത്തായതിനു ശേഷമാണ് വിൻഡീസ് സ്കോർ ബോർഡ് ചലിച്ചു തുടങ്ങിയത്.

മെല്ലെ ബാറ്റിംഗിൽ താളം കണ്ടെത്തിയ എവിൻ ലൂയിസ് സ്കോറിംഗ് ചുമതല ഏറ്റെടുത്ത് നാലുപാടും ഷോട്ടുകൾ പായിച്ചു തുടങ്ങി. സിംഗിളുകളിട്ട് സ്ട്രൈക്ക് മാറിയ ഷായ് ഹോപ്പ് ലൂയിസിന് ഉറച്ച പിന്തുണ നൽകി. 58 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ലൂയിസ് ഗിയർ മാറ്റിയതോടെ ബംഗ്ലാദേശ് വിയർത്തു. 25ആം ഓവറിൽ ലൂയിസ് പുറത്തായതോടെയാണ് 116 റൺസ് നീണ്ട ഈ കുട്ടുകെട്ട് തകരുന്നത്. 70 റൺസെടുത്ത ലൂയിസിനെ ഷാക്കിബുൽ ഹസൻ സബ്ബിർ റഹ്മാൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരനും ആക്രമണാത്മക ബാറ്റിംഗാണ് പുറത്തെടുത്തത്. പക്ഷേ, 25 റൺസെടുത്ത പൂരൻ 33ആം ഓവറിൽ ഷാക്കിബിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ശേഷം വന്ന ഷിംറോൺ ഹെട്‌മെയർ ടി-20യെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബാറ്റ് വീശിയതോടെ വിൻഡീസ് സ്കോർ കുതിച്ചു. വെറും 25 പന്തുകളിൽ അരസെഞ്ചുറി കുറിച്ച ഹെട്‌മെയർ അടുത്ത പന്തിൽ വീണു. മുസ്തഫിസുറിനായിരുന്നു വിക്കറ്റ്. ഹോപ്പുമായി നാലാം വിക്കറ്റിൽ 83 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഹെട്‌മെയറിനെ മുസ്തഫിസുർ തമീം ഇക്ബാലിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഷായ് ഹോപ്പ് 75 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു.

ഹെട്‌മെയർ പുറത്തായതിനു പിന്നാലെ ആന്ദ്രേ റസലിനെയും (0) ആ ഓവറിൽ തന്നെ പുറത്താക്കിയ മുസ്തഫിസുർ മത്സരത്തിലെ തൻ്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ക്രീസിലെത്തിയ ജേസൻ ഹോൾഡറും ആക്രമണം തുടർന്നു. 44ആം ഓവറിലാണ് ഹോൾഡർ പുറത്തായത്. 15 പന്തുകളിൽ 33 റൺസെടുത്ത ഹോൾഡറെ മഹ്മൂദുല്ലയുടെ കൈകളിലെത്തിച്ച സൈഫുദ്ദീനും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. തുടർന്ന് ഉജ്ജ്വലമായി പന്തെറിഞ്ഞ ബംഗ്ലാദേശ് വിൻഡീസിനെ പിടിച്ചു നിർത്തി. 47ആം ഓവറിൽ 96 റൺസെടുത്ത ഷായ് ഹോപ്പിനെ ലിറ്റൺ ദാസിൻ്റെ കൈകളിലെത്തിച്ച മുസ്തഫിസുർ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

തുടർന്ന് ക്രീസിലെത്തിയ ഡാരൻ ബ്രാവോയുടെ ചില മികച്ച ഷോട്ടുകളാണ് വിൻഡീസ് സ്കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 19 റൺസെടുത്ത ബ്രാവോയെ ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സൈഫുദ്ദീൻ ക്ലീൻ ബൗൾഡാക്കിയതോടെ വിൻഡീസ് സ്കോർ 321ൽ അവസാനിച്ചു. അവസാന അഞ്ചോവറുകളിൽ 33 റൺസ് മാത്രമാണ് വിൻഡീസിന് സ്കോർ ചെയ്യാനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here