‘ഇങ്ങനെയൊക്കെ അടിക്കാമോ’; റെക്കോർഡുകൾ കടപുഴക്കി മോർഗൻ: ഇംഗ്ലണ്ടിനു കൂറ്റൻ സ്കോർ

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 71 പന്തുകളിൽ 148 റൺസെടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ്റെ വിസ്ഫോട്നാത്മക ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനു കൂറ്റൻ സ്കോർ സമ്മാനിച്ചത്. ജോനി ബാരിസ്റ്റോ, ജോ റൂട്ട് എന്നിവരും ഇംഗ്ലണ്ട് ഇന്നിംഗ്സിലേക്ക് നിർണ്ണായക സംഭാവനകൾ നൽകി. മൂന്നു വീതം വിക്കറ്റുകളിട്ട ക്യാപ്റ്റൻ ഗുൽബദിൻ നയ്ബും ദൗലത് സദ്രാനുമാണ് അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ കൃത്യതയോടെ പന്തെറിഞ്ഞ അഫ്ഗാനിസ്ഥാൻ ബൗളർമാർ നിയന്ത്രിച്ചു നിർത്തുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. പരിക്കേറ്റു പുറത്തായ ജേസൻ റോയ്ക്കു പകരം ടീമിലെത്തിയ ജെയിംസ് വിൻസ് കെട്ടു പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പവർ പ്ലേയുടെ അവസാന ഓവറിൽ വീണു. 26 റൺസെടുത്ത വിൻസ് ദൗലത് സദ്രാൻ്റെ പന്തിൽ മുജീബ് റഹ്മാനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിൽ ജോണി ബാരിസ്റ്റോയുമായി 44 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് വിൻസ് മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ ജോ റൂട്ടും ജോണി ബാരിസ്റ്റോയും അനായാസം അഫ്ഗാൻ ബൗളർമാരെ നേരിട്ടു. അഫ്ഗാൻ നിരയിലെ ഏറ്റവും മികച്ച ബൗളർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് ഏറ്റവും കൂടുതൽ തല്ല് വാങ്ങിയത്. 61 പന്തുകളിൽ തൻ്റെ അർദ്ധ സെഞ്ചുറി കുറിച്ച ബാരിസ്റ്റോ സെഞ്ചുറിക്ക് 10 റൺസകലെ പുറത്തായി. രണ്ടാം വിക്കറ്റിൽ ജോ റൂട്ടുമായി 120 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ബാരിസ്റ്റോ പുറത്തായത്. 90 റൺസെടുത്ത ബാരിസ്റ്റോയെ സ്വന്തം ബൗളിംഗിൽ ഗുൽബദിൻ നെയ്ബ് പിടികൂടി.
ശേഷം ക്രീസിലെത്തിയ ഓയിൻ മോർഗൻ ആക്രമണാത്മ ബാറ്റിംഗാണ് കാഴ്ച വെച്ചത്. ഗുൽബദിനെ തുടർച്ചയായി രണ്ടു തവണ സിക്സർ പറത്തിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ശരവേഗത്തിലാണ് സ്കോർ ചെയ്തത്. ഇതിനിടെ 54 പന്തുകളിൽ റൂട്ട് അർദ്ധശതകം കുറിച്ചു. മറുവശത്ത് അഫ്ഗാൻ ബൗളർമാരെയൊക്കെ അടിച്ചൊതുക്കിയ മോർഗൻ 36 പന്തുകളിൽ അർദ്ധശതകവും 57 പന്തുകളിൽ ശതകവും കുറിച്ചു. പന്തെടുത്തവരെല്ലാം തല്ലു വാങ്ങിയപ്പോൾ ഇംഗ്ലണ്ട് സ്കോർ റോക്കറ്റ് പോലെ കുതിച്ചു. 47ആം ഓവറിലാണ് ജോ റൂട്ടും മോർഗനും ചേർന്ന 189 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചത്. 88 റൺസെടുത്ത റൂട്ടിനെ ഓവറിലെ നാലാം പന്തിൽ ഗുൽബദിൻ നെയ്ബ് റഹ്മത് ഷായുടെ കൈകളിലെത്തിച്ചു. ഓവറിലെ അവസാന പന്തിൽ മോർഗനും പുറത്തായി. 71 പന്തുകളിൽ 17 സിക്സുകളും നാലു ബൗണ്ടറികളുമായി 148 റൺസടിച്ച മോർഗനും റഹ്മത് ഷായുടെ കൈകളിലാണ് അവസാനിച്ചത്. ഈ ഇന്നിംഗ്സിലടിച്ച 17 സിക്സറുകൾ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ അടിക്കുന്ന താരമെന്ന റെക്കോർഡും മോർഗനു നൽകി.
ഇരുവരും പെട്ടെന്ന് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് വേഗത കുറഞ്ഞു. ജോസ് ബട്‌ലർ (2), ബെൻ സ്റ്റോക്സ് (2) എന്നിവർ വേഗം പുറത്തായെങ്കിലും 9 പന്തുകളിൽ 31 റൺസടിച്ച് പുറത്താവാതെ നിന്ന മൊയീൻ അലി ഇംഗ്ലണ്ടിനെ 400നടുത്ത് ഇംഗ്ലണ്ടിനെ എത്തിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ബൗളർമാർ മങ്ങിയതാണ് അവരെ തകർത്തു കളഞ്ഞത്. മുഹമ്മദ് നബിയും റാഷിദ് ഖാനും ചേർന്ന് എറിഞ്ഞ 18 ഓവറുകളിൽ അവർ ആകെ വഴങ്ങിയത് 180 റൺസാണ്. 9 ഓവർ വഴങ്ങി വിക്കറ്റൊന്നുമില്ലാതെ 110 റൺസ് വഴങ്ങിയ റാഷിദ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് ഫിഗറാണ് കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here