ആന്തൂരിലെ ആത്മഹത്യക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമായിട്ടുണ്ടെങ്കിൽ നടപടിയെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രതിപക്ഷം ഇറങ്ങിപ്പോയി

ആന്തൂരിൽ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യക്ക് നഗരസഭാ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എന്നാൽ പാർട്ടി ഗ്രാമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കു മാത്രമാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പ്രവാസി വ്യവസായിയുടെ ആത്മഹത്യ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് ആന്തൂരിൽ നടന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ആരോപണങ്ങൾ ശരിയെങ്കിൽ കർശന നടപടിയുണ്ടാകും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ വിദേശത്തു ജോലി ചെയ്തു വരുമാനമുണ്ടാക്കുന്നവരെ പരലോകത്തേക്ക് വിടുന്ന സർക്കാരായി ഇടതു മുന്നണി സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന് സർവാധിപത്യമുള്ള ആന്തൂരിൽ മരണത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസി വ്യവസായിയെ സിപിഎം കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിന്ന് ഓഡിറ്റോറിയത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്ന പാർത്ഥാ ബിൽഡേഴ്‌സ് എം.ഡി സാജൻ പാറയിലാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. 15 കോടി മുടക്കി സാജൻ നിർമ്മിച്ച ഓഡിറ്റോറിയത്തിന് നിർമ്മാണം പൂർത്തിയാക്കിയിട്ടും നഗരസഭ കൈവശവകാശ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഓഡിറ്റോറിയം തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here