ബാലഭാസ്‌ക്കറിന്റെ കാർ ഇന്ന് പൊളിച്ചു പരിശോധിക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ന് സംയുകത പരിശോധന നടത്തും. അപകടത്തിൽപ്പെട്ട വാഹനവും, സ്ഥലത്തും വിവിധ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ പൊളിച്ചു പരിശോധിക്കും. കഴിഞ്ഞ ദിവസം ഫോറൻസിക് സംഘം വാഹനം പരിശോധിച്ചു സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ വാഹനാപകടം എങ്ങനെ സംഭവിച്ചുവെന്ന് സങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സ്ഥിരീകരിക്കാനാവുമോ എന്ന ശ്രമമാണ് ഇന്നത്തെ സംയുക്ത പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ക്രൈംബ്രാഞ്ചിനുള്ളതെങ്കിലും ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് സംഘം, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, കാർ കമ്പനിയുടെ പ്രതിനിധികൾ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. വാഹനം പൊളിച്ചു പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അപകട സമയത്തു വാഹനമോടിച്ചതു അർജുനാണെന്നു ഭൂരിഭാഗം സാക്ഷികളും മൊഴി നൽകിയെങ്കിലും ഇത് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന സഹായിച്ചേക്കും. അതിനാൽ സീറ്റ് ബെൽറ്റടക്കം അഴിച്ചെടുത്തു പരിശോധിക്കും. സ്വാഭാവിക അപടമാണോ എന്ന കാര്യത്തിലും സംയുകത പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ സാധിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. എന്നാൽ അപകടത്തിൽപ്പെട്ട വാഹനം ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ വെയിലത്തും മഴയത്തും കിടന്ന് തെളിവുകൾ പലതും പൂർണ്ണമായ രീതിയിൽ കിട്ടാത്ത അവസ്ഥയാണുള്ളതെന്നു ക്രൈംബ്രാഞ്ച് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സ്വർണ്ണകടത്തു കേസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരത്തെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടാനും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top