Advertisement

ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജൂണ്‍ 23നു പരിഗണിക്കും

June 19, 2019
Google News 0 minutes Read

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐയ്ക്കു വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജൂണ്‍ 23 നു പരിഗണിക്കുന്നതിലേക്ക് മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ മറുപടി സത്യവാങ് മൂലം നല്‍കാന്‍ എതിര്‍ കക്ഷികള്‍ വൈകുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സമയം കൂടുതല്‍ അനുവദിച്ച് അപ്പീല്‍ ഹര്‍ജി ജൂണ്‍ 23 ലേക്ക് മാറ്റിയത്. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് ഹന്‍സാരികയാണ് ഹാജരാകുന്നത്.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലാപാടെടുത്തിരുന്നു.

2018 മാര്‍ച്ചിലാണ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ യുഎപിഎ. ചുമത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കേസ് സിംഗിള്‍ ബഞ്ചിന് കേസ് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാരിന്റെ വാദവും കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ തള്ളികളഞ്ഞിരുന്നു.

ഫെബ്രുവരി 12നാണ് ഷുഹൈബ് വധിക്കപ്പെട്ടത്. കണ്ണൂരിലെ എടയന്നൂരിലായിരുന്നു കൊലപാതകം നടന്നത്. പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. പ്രതികളില്‍ മിക്കവരും സിപിഐഎം പാര്‍ട്ടി അനുയായികളാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here