Advertisement

കടുവകളെ തല്ലിയോടിച്ച് കംഗാരുക്കൾ; ഓസീസിന് കൂറ്റൻ സ്കോർ

June 20, 2019
Google News 0 minutes Read

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യ ഇന്നിംഗ്സിലെ അവസാന ഓവർ മഴ മുടക്കിയപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 368 റൺസാണ് ഓസീസ് അടിച്ചു കൂട്ടിയത്. 166 റൺസെടുത്ത ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. വാർണർക്കൊപ്പം 89 റൺസെടുത്ത ഉസ്മാൻ ഖവാജയും ഓസ്ട്രേലിയൻ ഇന്നിംഗ്സിന് ഊർജ്ജമായി. 3 വിക്കറ്റെടുത്ത സൗമ്യ സർക്കാരാണ് ബംഗ്ലാദേശിനു വേണ്ടി തിളങ്ങിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ഓപ്പണർമാരെ ഒരു പരിധി വരെ പിടിച്ചു കെട്ടുന്നതിൽ ബംഗ്ലാദേശ് വിജയിച്ചുവെങ്കിലും വിക്കറ്റ് നേടാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയായി. ആരോൺ ഫിഞ്ച് ആക്രമണത്തിന് ചുക്കാൻ പിടിച്ചപ്പോൾ ഡേവിഡ് വാർണർ മികച്ച പിന്തുണ നൽകി. ആദ്യത്തെ പവർപ്ലേയിൽ 53 റൺസാണ് ഓസ്ട്രേലിയ നേടിയത്.

55 പന്തുകളിൽ വാർണറും 48 പന്തുകളിൽ ഫഞ്ചും തങ്ങളുടെ അർദ്ധശതകങ്ങൾ കുറിച്ചു. കാര്യങ്ങൾ കൈവിട്ടു പോകവേയാണ് 21ആം ഓവറിൽ ക്യാപ്റ്റൻ മഷറഫെ മൊർതാസ ഓൾറൗണ്ടർ സൗമ്യ സർക്കാറിന് പന്തു നൽകിയത്. ഓവറിലെ അഞ്ചാം പന്തിൽ 53 റൺസടിച്ച ആരോൺ ഫിഞ്ചിനെ റൂബൽ ഹുസൈൻ്റെ കൈകളിലെത്തിച്ച സൗമ്യ ക്യാപ്റ്റൻ്റെ വിശ്വാസം കാത്തു.

എന്നാൽ മറുവശത്ത് ശ്രദ്ധാപൂർവം ബാറ്റിംഗ് തുടർന്ന വാർണർ ഉസ്മാൻ ഖവാജയുമൊത്ത് ബംഗ്ലാ ബൗളർമാരെ അനായാസം നേരിട്ടു. 110 പന്തുകളിൽ വാർനർ സെഞ്ചുറി കുറിച്ചു. ഈ ലോകകപ്പിലെ വാർണറുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറിയ്ക്കു ശേഷം ഗിയർ മാറ്റിയ വാർണർ നാലു പാടും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. ഇതിനിടെ 50 പന്തുകളിൽ അർദ്ധശതകം കുറിച്ച ഉസ്മാൻ ഖവാജയും ആക്രമണ ബാറ്റിംഗിലേക്ക് മാറിയതോടെ ഇരു വശത്തു നിന്നും തല്ലു കിട്ടി ബംഗ്ലാദേശ് വലഞ്ഞു. ഒടുവിൽ 45ആം ഓവറിലാണ് 192 റൺസ് നീണ്ട ഈ കൂട്ടുകെട്ട് അവസാനിച്ചത്. 166 റൺസെടുത്ത വാർണറെ റൂബൽ ഹുസൈൻ്റെ കൈകളിലെത്തിച്ച സൗമ്യ സർക്കാർ മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടി.

ശേഷം ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വൽ ആദ്യ പന്തു മുതൽ ആക്രമണം തുടങ്ങി. ഈ ലോകകപ്പിലെ ആദ്യ 400 ടീം ടോട്ടൽ എന്ന പ്രതീതി ഉണ്ടായപ്പോഴാണ് ഒരു റണ്ണൗട്ടിൻ്റെ രൂപത്തിൽ ദൗർഭാഗ്യം മാക്സ്‌വലിനെ കുടുക്കിയത്. റൂബൽ ഹുസൈൻ്റെ നേരിട്ടുള്ള ഏറിൽ പുറത്താവുമ്പോൾ മാക്സ്‌വൽ 10 പന്തുകളിൽ 32 റൺസെടുത്തിരുന്നു. ആ ഓവറിലെ അഞ്ചാം പന്തിൽ ഉസ്മാൻ ഖവാജയും പുറത്ത്. 89 റൺസെടുത്ത ഖവാജയെ വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹീം പിടികൂടി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസുറും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. ഒരു റണ്ണെടുത്ത സ്റ്റീവ് സ്മിത്തിനെ മുഷ്ഫിക്കർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ തുടർച്ഛയായി വിക്കറ്റ് വീണതാണ് ഓസീസിനെ 400 കടക്കുന്നതിൽ നിന്നും തടഞ്ഞത്. 49 ഓവർ ആയപ്പോഴേക്കും മഴ കളി തടസ്സപ്പെടുത്തി. നിലവിൽ 9 റൺസെടുത്ത അലക്സ് കാരിയും 6 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പുറത്താവാതെ നിൽക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here