ഖഷോഗി വധം; യുഎൻ മനുഷ്യാവകാശ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് സൗദി അറേബ്യ

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി വധം സംബന്ധിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യ. വൈരുധ്യങ്ങളാണ് റിപ്പോർട്ടിന്റെ ഉളളടക്കത്തിലുളളതെന്നും വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.
അടിസ്ഥാന രഹിതമായ റിപ്പോർട്ടാണ് പുറത്തു വന്നിട്ടുളളത്. മാധ്യമങ്ങൾ നേരത്തെ ആരോപിച്ച കാര്യങ്ങളാണ് റിപ്പോർട്ടിലുളളത്. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതി സ്പെഷ്യൽ റിപ്പോർട്ടർ ഏഗ്നസ് കലാമാർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ പുതുതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു. ജമാൽ ഖഷോഗി വധക്കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ വിചാരണ നടക്കുകയാണ്. കോടതിയിൽ യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രതിനിധികൾ, തുർക്കി പ്രതിനിധി, സൗദിയിലെ മനുഷ്യാവകാശസംഘടനാ പ്രതിനിധി എന്നിവർ വിചാരണക്ക് സാക്ഷികളാണെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു.
ഖഷോഗി കേസ് വിചാരണ ചെയ്യാനുളള അധികാരം സൗദി നീതിന്യായ സംവിധാനങ്ങളുടെ അവകാശമാണ്. സ്വതന്ത്രമായാണ് നീതിനിർവഹണം രാജ്യത്ത് നടക്കുന്നത്. എന്നാൽ ഭരണാധികാരികളെ വിമർശിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കേസ് രാജ്യത്തിന് പുറത്തുകൊണ്ടുപോകാനുളള സമ്മർദ്ദം അംഗീകരിക്കില്ല. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും ആദിൽ അൽ ജുബൈർ വ്യക്തമാക്കി.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.