ഒറ്റ പ്രസവത്തിൽ പതിനേഴ് കുട്ടികൾ!!!! അത് സത്യമല്ല

ഒറ്റ പ്രസവത്തിൽ തന്നെ പതിനേഴ് കുട്ടികൾക്ക് ജൻമം കൊടുത്ത സ്ത്രീയെന്ന പേരിൽ ഒരു ഗർഭിണിയുടെയും കുട്ടികളുടെയും ചിത്രം കഴിഞ്ഞ രണ്ടാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്. അത്യപൂർവ്വമായ സംഭവമാണിതെന്നും ലോക റെക്കോർഡാണെന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള സന്ദേശമായതിനാൽ തന്നെ നിരവധിയാളുകൾ ഈ ചിത്രം ഷെയർ ചെയ്യുന്നുമുണ്ട്.

എന്നാൽ ഈ ചിത്രം വ്യാജമാണെന്നതാണ് സത്യം. വിദേശത്തെ ഒരു ആക്ഷേപഹാസ്യ വെബ്‌സൈറ്റിൽ വന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഇതിലുള്ള ഗർഭിണിയുടെ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതാണ്. ഗർഭിണിയായ യുവതിയുടെ ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി വലിയ വയറ് കൂട്ടിച്ചേർത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടെയുള്ള കുട്ടികളുടെ ചിത്രമാകട്ടെ ഏറെ വർഷങ്ങൾ പഴക്കമുള്ളതുമാണ്.

 

 

കുട്ടികൾക്കോ കുട്ടികളുടെ കൂടെയിരിക്കുന്നയാൾക്കോ ഈ സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. ഒരു ഗൈനക്കോളജിസ്റ്റാണ് ചിത്രത്തിൽ കുട്ടികളുടെ കൂടെയിരിക്കുന്നത്. ഒരു പ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജൻമം നൽകിയെന്ന ഗിന്നസ് റെക്കോർഡ് രേഖകൾ പ്രകാരം നിലവിൽ ഒരു അമേരിക്കൻ വനിതയുടെ പേരിലാണ്. 8 കുട്ടികൾക്കാണ് ഒറ്റ പ്രസവത്തിൽ ഇവർ ജൻമം നൽകിയത്. സത്യം ഇതാണെന്നിരിക്കെ ഇപ്പോഴും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം വ്യാജ പ്രസവവാർത്ത അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top