ഭാവി അധ്യാപകര്‍ക്ക് കൃഷിയെ അടുത്തറിയാന്‍ അവസരമൊരുക്കി മാനന്തവാടി ബിഎഡ് സെന്റര്‍

ഭാവി അധ്യാപകര്‍ക്ക് കൃഷിയെ അടുത്തറിയാന്‍ അവസരമൊരുക്കി മാനന്തവാടി ബിഎഡ് സെന്റര്‍. എല്ലാവരും പാടത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് ക്യാംപസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു ദിവസം മുഴുവന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തത്. പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും ആദിവാസി കര്‍ഷകനുമായ ചെറുവയല്‍ രാമന്റെ പാടമാണ് ഇതിനായി തെരഞ്ഞെടുത്തത്.
പുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം നന്മയുടെ കാര്‍ഷിക സംസ്‌ക്കാരം കൂടി അടുത്ത തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ സ്വയം പ്രാപ്തരാകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും പാടത്ത് എന്ന പരിപാടി മാനന്തവാടി ബിഎഡ് ക്യാമ്പസ് ആസൂത്രണം ചെയ്തത്. വയനാട്ടിലെ പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും ആദിവാസി കര്‍ഷകനുമായ ചെറുവയല്‍ രാമന് നെല്‍കൃഷിക്ക് നിലമൊരുക്കിക്കൊടുക്കുക എന്ന ദൗത്യമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്.
ചാണകമിട്ട് പാടം കിളച്ചൊരുക്കുന്ന ജോലിയാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്. ചെറുവയല്‍ രാമന്‍ ചാണകവും പച്ചില വളവും മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മിഥുന മാസമെത്തിയിട്ടും ഇത്തവണ മഴ ശക്തമാകാത്തതിന്റെ ആശങ്കയിലാണ് ഈ കര്‍ഷകന്‍. ഈ പ്രതിസന്ധിക്കിടയിലും കുട്ടികള്‍ അറിവു പകര്‍ന്നു നല്‍കാനും സന്തോഷമേയുള്ളു രാമേട്ടന്. ഒരു കയ്യില്‍ പാഠ പുസ്തകവും മറു കയ്യില്‍ പണി ആയുധവും ഏന്തുക എന്ന സന്ദേശമാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. മാനന്തവാടി ക്യാംപസ് ബിഎഡ് സെന്ററിലെ 45 വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമാണ് രാമേട്ടനൊപ്പം പാടത്തിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here