Advertisement

പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു തുടങ്ങി

June 21, 2019
Google News 1 minute Read

പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിച്ചു തുടങ്ങി. മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയാണ് ഏറനാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പൊളിച്ച് നീക്കുന്നത്. തടയണ പതിനഞ്ച് ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച അന്ത്യശാസനം നൽകിയിരുന്നു.

കോടതി പല തവണ നിർദ്ദേശം നൽകിയിട്ടും ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്നും ചിലവ് ഉടമയിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ തടയണ പൊളിച്ച് നീക്കുന്നത്. തടയണ പൂർണമായും പൊളിച്ചുനീക്കാൻ ഒരാഴ്ച സമയമെടുത്തേക്കും. തടയണ പൊളിക്കുമ്പോൾ സമീപത്തെ കരിമ്പ് ആദിവാസി കോളനിയിൽ വെള്ളം കയറാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

Read Also; പി.വി അൻവറിന്റെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

കക്കാടംപൊയിലിൽ അൻവറിന്റെ വാട്ടർ തീം പാർക്കിലേക്കും ചീങ്കണ്ണിപ്പാലിയിലെ ബോട്ടിംഗ് കേന്ദ്രത്തിലേക്കും വെള്ളമെത്തിക്കാൻകൂടി ഉദ്ദേശിച്ചായിരുന്നു അനധികൃത തടയണയുടെ നിർമ്മാണം. സമീപത്തെ കരിമ്പ് ആദിവാസി കോളനിയിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു തടയണ നിർമ്മിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ 2015ൽ തടയണ പൊളിക്കാൻ ഉത്തരവിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് അൻവർ മാറ്റിയത്. പരാതികൾ ശക്തമായതോടെ 2017ൽ മലപ്പുറം കളക്ടർ അമിത് മീണ വീണ്ടും തടയണ പൊളിക്കാൻ ഉത്തരവിട്ടു.

ഇതിനിടെ കഴിഞ്ഞ പ്രളയകാലത്ത് തടയണയോട് ചേർന്ന് നാലിടത്ത് ഉരുൾപൊട്ടലുമുണ്ടായി. ഇതോടെ പെരിന്തൽമണ്ണ സബ് കളക്ടർ അധ്യക്ഷനായ വിദഗ്ദ്ധ സമിതി തടയണ എത്രയും വേഗം പൊളിക്കണമെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ തടയണ പൊളിച്ചു നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതും നടപ്പായില്ല.. തുടർന്ന് ഈ മാസം 22ന് കോടതി അന്ത്യശാസനം നൽകുകയായിരുന്നു. ജൂലൈ 2 നകം പൂർണ്ണമായി പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here