പെരിയ കേസിലെ പ്രതി ഭർത്താവിന്റെ സുഹൃത്ത്; കല്യോട്ട് സ്‌കൂളിലെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി പരാതി

പെരിയ കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രീമൈറി വിഭാഗം അധ്യാപികയെ പിടിഎ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്ന് സസ്‌പെൻഷനിലായ അധ്യാപിക പറഞ്ഞു. സംഭവം അടിയന്തരമായി പരിഹരിക്കുമെന്ന് അധികൃതരും വ്യക്തമാക്കി.

കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രീമൈറി വിഭാഗം അധ്യാപിക ശ്രുതി സുരേന്ദ്രനെയാണ് പിടിഎ 15 ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്. പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയാണ് സസ്‌പെൻഷന് കാരണമെന്നാണ് പിടിഎയുടെ വാദം. എന്നാൽ കാരണങ്ങളൊന്നും രേഖപ്പെടുത്താതെയാണ് പിടിഎ പ്രസിഡന്റിന്റെ ഒപ്പ് മാത്രമുള്ള സസ്‌പെൻഡ് ചെയ്തതായുള്ള അറിയിപ്പ് കിട്ടിയത്. ഇങ്ങനൊരു നടപടിക്കു കാരണം രാഷ്ട്രീയമാണെന്ന് ശ്രുതി പറഞ്ഞു. തന്റെ ഭർത്താവ് പെരിയ കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ സുഹൃത്തായതിനാലാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നും ശ്രുതി പ്രതികരിച്ചു.

കഴിഞ്ഞ 6 വർഷമായി ശ്രുതി ഇവിടെ പ്രീമൈറി വിഭാഗം അധ്യാപികയാണ്. 2013 ലാണ് ജോലി തുടങ്ങിയത്. തനിക്കെതിരെ ഇതുവരെയാരും പരാതി ഉന്നയിച്ചിട്ടില്ലെന്ന് ശ്രുതി പറയുന്നു. നടപടിയാവശ്യപ്പെട്ട് ശ്രുതി അധികാരികളെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരായിമായി പരിഹാരമുണ്ടാകുമെന്ന് അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റ് പറഞ്ഞു. എന്നാൽ സംഭവത്തിന് കല്യോട്ടെ കൊലപാതകവുമായി ബന്ധമില്ലെന്ന നിലപാടിലാണ് പിടിഎ ഭാരവാഹികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top