ഒതുക്കുങ്ങല്‍ ഗവ.എംഎല്‍പി സ്‌കൂളിന് സ്വന്തമായി കെട്ടിടമില്ല; 95 വര്‍ഷമായ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍

95 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തി ക്കുകയാണ് മലപ്പുറത്തെ ഒരു പൊതുവിദ്യാലയം. ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് എംഎല്‍പി സ്‌കൂളാണ് സ്വകാര്യ വക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്നാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ആവശ്യം.

മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മേലെകുളമ്പ് സര്‍ക്കാര്‍ എംഎല്‍പി സ്‌കൂളാണ് അധികൃതരുടെ അവഗണന നേരിടുന്നത്. അഞ്ച് ഡിവിഷനുകളിലായി 90 കുട്ടികള്‍ പഠിക്കുകയും ആറ് അധ്യാപകര്‍ ജോലി ചെയ്യുകയും ചെയ്യുന്ന വിദ്യാലയം, കഴിഞ്ഞ 95 വര്‍ഷമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വാടകക്കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി പാചകം ചെയ്യുന്നത് സമീപത്തെ വീട്ടിലാണ്. കാലങ്ങളായി വൈദ്യുതി ബില്ലടക്കുന്നത് പ്രധാനദ്ധ്യാപകനും. കമ്പ്യൂട്ടറുള്‍പ്പെടെയുള്ളവ സൂക്ഷിക്കുന്നത് സുരക്ഷിതത്വം പോലുമില്ലാത്ത ഒരു ഷെഡ്ഡിലാണ്. മഴ പെയ്താല്‍ കുണ്ടും കഴിയും നിറഞ്ഞ പാതയിലൂടെ വേണം കുട്ടികള്‍ക്ക് സ്‌ക്കൂളിലെത്താന്‍.

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ഒരു ഭാഗത്ത് ക്രിയാത്മകമായി നടപ്പിലാക്കുമ്പോഴാണ് മറുഭാഗത്ത് ഒരു നൂറ്റാണ്ടിന്റെ ചരിതമുള്ള ഒരു വിദ്യാലത്തിന് ഈ ദുരവസ്ഥ തുടരുന്നത്. ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കായങ്കിലും അധികൃതരുടെ കണ്ണ് എവിടേക്കും എത്തണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top