ഓപ്പണർമാർക്ക് താഹിറിന്റെ സഡൻ ബ്രേക്ക്; കളി തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കകെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ഭേദപ്പെട്ട നിലയിൽ. 30 ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ റൺസാണ് 143 റൺസാണ് പാക്കിസ്ഥാൻ നേടിയിരിക്കുന്നത്. പാക്കിസ്ഥാൻ്റെ രണ്ട് ഓപ്പണർമാരും 44 റൺസ് വീതമെടുത്ത് പുറത്തായി. ഇമ്രാൻ താഹിറാണ് ഇരുവരെയും പുറത്താക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സർഫറാസ് അഹ്മദിൻ്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു പാക്ക് ഓപ്പണർമാരുടെ തുടക്കം. ലുങ്കി എങ്കിടിയും കഗീസോ റബാഡയും ചേർന്ന ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ആദ്യ വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. 15ആം ഓവറിലാണ് ഈ സഖ്യം വേർപിരിഞ്ഞത്. 44 റൺസെടുത്ത ഫഖർ സമാനെ അംലയുടെ കൈകളിലെത്തിച്ച താഹിർ പ്രോട്ടീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

പിന്നാലെ ക്രീസിലെത്തിയ ബാബർ അസമും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 21ആം ഓവറിൽ ഇമാമുൽ ഹഖിനെ സ്വന്തം ബൗളിംഗിൽ ഉജ്ജ്വലമായി പിടികൂടിയ താഹിർ തൻ്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഒപ്പം ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന റെക്കോർഡും താഹിർ സ്വന്തം പേരിൽ കുറിച്ചു. താഹിറിൻ്റെ അടുത്ത ഓവറിൽ ഹഫീസിനെ നിലത്തിട്ട ക്വിൻ്റൺ ഡികോക്ക് അദ്ദേഹത്തിന് ആയുസ് നീട്ടി നൽകി.

എന്നാൽ 30ആം ഓവറിലെ അവസാന പന്തിൽ ഹഫീസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മാർക്രം ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 20 റൺസെടുത്താണ് ഹഫീസ് പുറത്തായത്.

നിലവിൽ 31 റൺസെടുത്ത അസമും റണ്ണൊന്നുമെടുക്കാതെ ഹാരിസ് സൊഹൈലുമാണ്  ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top