എന്തൊരു ശനിയാണ്; തോറ്റു പോയിട്ടും വിജയിച്ചവരുടെ ശനി

എന്തൊരു ശനി! നടന്ന രണ്ട് മാച്ചുകളും ആവേശമായി. തോറ്റു പോയെങ്കിലും പോരാട്ടവീര്യം കൊണ്ട് രണ്ട് ടീമുകൾ ക്രിക്കറ്റ് ചരിത്രത്തിൽ പുതു അദ്ധ്യായം എഴുതിച്ചേർത്തു. അതിലെ രണ്ട് ശ്രദ്ധേയമായ പേരുകളാണ് മുഹമ്മദ് നബിയും കാർലോസ് ബ്രാത്‌വെയ്റ്റും. രണ്ടു പേരും വിജയത്തിനരികെ വെച്ച് തോറ്റു പോയവരാണ്. പക്ഷേ, തോൽവിക്കിടയിലും ക്രിക്കറ്റ് എന്ന ഗെയിമിനെ വിജയിപ്പിച്ച ഇരുവരും വിജയശ്രീലാളിതരുമാണ്.

ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരത്തിനു മുൻപുള്ള വിശകലനങ്ങളിൽ ഇന്ത്യയുടെ 400 ടീം ടോട്ടലും രോഹിതിൻ്റെ മറ്റൊരു ഡബിൾ സെഞ്ചുറിയുമൊക്കെയായിരുന്നു സംസാരം. കളത്തിൽ കണ്ടത് പക്ഷേ, മറ്റൊന്നാണ്. രോഹിത് ഒരു റൺ മാത്രമെടുത്ത് പുറത്തായി. ഇന്ത്യ 50 ഓവറിൽ നേടിയത് 8 വിക്കറ്റ് നഷ്ടത്തിൽ 224 എന്ന താരതമ്യേന കുറഞ്ഞ സ്കോർ. ലോകോത്തര ബൗളർമാർ അടങ്ങുന്ന ഇന്ത്യ അഫ്ഗാനിസ്ഥാനെ എത്ര റൺസിനു തോൽപിക്കുമെന്നത് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.

ഗുൽബദിൻ നയ്ബും റഹ്മത് ഷായും ഹഷ്മതുല്ല ഷാഹിദിയും അസ്ഗർ അഫ്ഗാനും പൊരുതിയതോടെ കളി ആവേശമായി. 130 റൺസിന് 5 വിക്കറ്റ് വീഴുമ്പോൾ മുതൽ പിന്നീടങ്ങോട്ട് കണ്ടത് മുഹമ്മദ് നബി എന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇതിഹാസത്തിൻ്റെ പക്വമായ ബാറ്റിംഗായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയും വിക്കറ്റ് വലിച്ചെറിയാതെ അവസാന ഓവറിലേക്ക് കളി നീട്ടുകയും ചെയ്ത നബി 52 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായെങ്കിലും യുദ്ധ ഭീതിയിൽ കുരുത്ത തങ്ങളുടെ തളരാത്ത പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്തിട്ടാണ് മടങ്ങിയത്.

വിജയവഴിയിൽ ഇടക്കു വെച്ച് കാലിടറിയെങ്കിലും തങ്ങൾ ആരെന്ന് അഫ്ഗാനിസ്ഥാൻ ഇന്നലെ തെളിയിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 50 ഓവറിൽ 397 വഴങ്ങിയ അവർ ഈ മത്സരത്തിൽ പുറത്തെടുത്ത പോരാട്ട വീര്യം തന്നെയാണ് മനോഹരം. മുഹമ്മദ് നബിക്കൊപ്പം ക്രീസിലെത്തിയ ഓരോ ബാറ്റ്സ്മാന്മാരും വിജയം ലക്ഷ്യമാക്കിത്തന്നെയാണ് കളിച്ചത്. ഇന്ത്യൻ സ്പിന്നർമാരെ ബുദ്ധിപൂർവ്വം നേരിട്ടെന്നു മാത്രമല്ല, അവസാന ഓവർ വരെ കളി നീട്ടിയ അവർ ഇന്ത്യയെ നന്നായി പേടിപ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിജയിച്ചത് ക്രിക്കറ്റ് തന്നെയാണ്.

മുഹമ്മദ് നബി അവസാന ഓവറിൽ പുറത്തായത് തന്നെയാണ് കളി മാറ്റിയത്. അതുവരെ ഇന്ത്യയോടൊപ്പം അവർ ഉണ്ടായിരുന്നു. തങ്ങളുടെ സെക്കൻഡ് ഹോമായ ഇന്ത്യയായിരുന്നു ഈ ലോകകപ്പിൽ അവരുടെ പോരാട്ട വീര്യമറിഞ്ഞത്. ഇത്ര നാളും ഈ അഫ്ഗാനിസ്ഥാനെ തീരെ പരിചയമില്ലല്ലോ എന്ന് സങ്കടപ്പെടുകയായിരുന്നു. വിജയ ത്വര ഇതുവരെയും കണ്ടില്ല. പക്ഷേ, ഇന്ന് കണ്ടു.

ഇതാണ് അഫ്ഗാനിഥാൻ. ഇത്ര നാളും കണ്ടത് അവരുടെ പ്രേതമായിരുന്നു. റഹ്മത് ഷായെപ്പോലെ ടെക്നിക്കലി സൗണ്ടായ ബാറ്റ്സ്മാനെയും മുജീബ് റഹ്മാനെപ്പോലെ തലച്ചോർ ഉപയോഗിച്ച് പന്തെറിയുന്ന ബൗളറെയും ഇക്രം അലി ഖില്ലിനെപ്പോലെ പ്രതിഭാധനനായ വിക്കറ്റ് കീപ്പറെയും അവർ ഉത്പാദിപ്പിക്കുന്നുണ്ട്. യുദ്ധം കവർന്നെടുത്ത ബാല്യങ്ങൾ ഇനിയും ബാറ്റെടുക്കും. രക്തക്കറ പുരണ്ട മരുപ്രദേശങ്ങളിലൂടെ ഇനിയുമവർ തുകൽപ്പന്തുമായി പായും. അവർക്ക് തോൽക്കാൻ കഴിയില്ല.

ആദ്യ മത്സരം മനസാന്നിധ്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ഏടുകൾ സമ്മാനിച്ചുവെങ്കിൽ രണ്ടാമത്തെ മത്സരം വന്യമായ കരുത്തിൻ്റെയും ധൈര്യത്തിൻ്റെയും ഉദാഹരണമായിരുന്നു. കെയിൻ വില്ല്യംസൺ എന്ന ആധുനിക ക്രിക്കറ്റിലെ കാല്പനികനായ ബാറ്റ്സ്മാൻ തൻ്റെ ബാറ്റിംഗ് സൗന്ദര്യം വീണ്ടുമൊരു വട്ടം കൂടി പുറത്തെടുത്തപ്പോൾ ന്യൂസിലൻഡ് തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത് 291/8 എന്ന കൂറ്റൻ സ്കോറിൽ. ഷായ് ഹോപ്പും പൂരനും ഓരോ റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലും യുവ സെൻസേഷൻ ഷിംറോൺ ഹെട്‌മെയറും ചേർന്ന് വിൻഡീസിൻ്റെ കൈപിടിച്ചു. 122 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ഇരുവരും വേർപിരിഞ്ഞതിനു ശേഷം ഒരു കൂട്ടത്തകർച്ച. ഹെട്‌മെയർ 54 റൺസെടുത്തും ഗെയിൽ 87 റൺസെടുത്തും പുറത്തായി.

ക്രിസ് ഗെയിൽ പുറത്താവുമ്പോൾ 24 ഓവറിൽ 152/5 എന്ന നിലയിലായിരുന്നു വിൻഡീസ്. അവിടെ നിന്നാണ് കാർലോസ് ബ്രാത്‌വെയ്റ്റ് തുടങ്ങിയത്. 163/6, 164/7 എന്നിങ്ങനെ വിൻഡീസ് ചീട്ടുകൊട്ടാരം പോലെ തകർന്നു. ബ്രാത്‌വെയ്റ്റ് വാലറ്റത്തെ കൂട്ടുപിടിച്ചു. എട്ടാം വിക്കറ്റിൽ കെമാർ റോച്ചുമായി 47 റൺസും ഒൻപതാം വിക്കറ്റിൽ ഷെൽഡൻ കോട്രലുമായി 34 റൺസും അയാൾ കൂട്ടിച്ചേർത്തു. ഇതിനിടയിൽ 52 പന്തുകളിൽ നിന്ന് അയാൾ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചിരുന്നു. 245 റൺസിന് ഒൻപതാം വിക്കറ്റ് വീഴുമ്പോൾ വിൻഡീസിന് ജയത്തിലേക്ക് 47 റൺസ് ദൂരമുണ്ടായിരുന്നു. അവശേഷിക്കുന്നത് 5 ഓവറുകളും. പത്താമൻ ഒഷേൻ തോമസിനെ കാഴ്ചക്കാരനാക്കി പിന്നീട് ബ്രാത്‌വെയ്റ്റ് നടത്തിയത് കരീബിയൻ കരുത്തിൻ്റെ ഒരു എക്സിബിഷനായിരുന്നു.

ബെൻ സ്റ്റോക്സിനെതിരെ നാലു സിക്സ് പായിച്ച് വിൻഡീസിന് ടി-20 കിരീടം സമ്മാനിച്ച ഒരു അൺബിലീവബിൾ ഇന്നിംഗ്സിനു ശേഷം നിശബ്ദമായിരുന്ന ബ്രാത്‌വെയ്റ്റിൻ്റെ വില്ലോ ഇന്നലെ വീണ്ടും അട്ടഹസിച്ചു. വിൻഡീസിനെ അയാൾ വിജയത്തിന് 5 റൺസകലെ വരെ എത്തിച്ചു. 82 പന്തുകളിൽ 101 റൺസ് നേടിയ ബ്രാത്‌വെയ്റ്റ് 49ആം ഓവറിലെ അഞ്ചാം പന്തു വരെ വിൻഡീസിനെ വിജയത്തിനരികെ നിർത്തി. വാലറ്റത്തെ കൂട്ടുപിടിച്ച് അയാൾ നടത്തിയ മാസ്റ്റർ ക്ലാസ് ലോകകപ്പ് ചരിത്രങ്ങളിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഇന്നിംഗ്സുകളിലൊന്നായി നിൽക്കും.

ഇയാൻ ബിഷപ്പിന് കമന്ററി ബോക്സിൽ ശബ്ദം നഷ്ടപ്പെട്ടിരുന്നു. ‘കാർലോസ് ബ്രാത്‌വെയ്റ്റ്, ഫസ്റ്റ് ഇന്റർനാഷണൽ ഹണ്ഡ്രഡ്. വാട്ട് എ ടൈം ടു കീപ് ദ ഡ്രീം അലൈവ്’. മുൻപ് ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിൽ നാലു സിക്സറടിച്ച് ബ്രാത്‌വെയ്റ്റ് വിൻഡീസിനെ ലോക ചാമ്പ്യന്മാരാക്കുമ്പോഴും കമൻ്ററി ബോക്സിൽ ഇയാൻ ബിഷപ്പായിരുന്നു. ‘കാർലോസ് ബ്രാത്‌വെയ്റ്റ്, റിമംബർ ദ നേം’

കമന്ററി ബോക്സിലിരുന്ന് ആർത്തലയ്ക്കുമ്പോൾ അയാൾ വിൻഡീസ് ക്രിക്കറ്റിന്റെ സമ്പന്നമായ ഭൂതകാലം ഓർത്തിരുന്നിരിക്കണം. ട്രിനിഡാഡിലും ജമൈക്കയിലുമൊക്കെ പാഞ്ഞു നടന്ന് ബ്രൂട്ട് പവറു കൊണ്ട് മത്സര ഗതി മാറ്റിമറിക്കുന്ന വിൻഡീസ് ക്രിക്കറ്റർമാരുടെ വന്യമായ സൗന്ദര്യത്തിന്റെ ചന്തം അയാൾ വീണ്ടും ഓർത്തെടുത്തിട്ടുണ്ടാവണം.

ആ പന്ത്, ആ പന്ത് വായുവിലുയർന്നു പൊങ്ങുമ്പോൾ എനിക്ക് രവി ശാസ്ത്രിയെയാണ് ഓർമ്മ വന്നത്. 2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ അവസാനത്തെ സിക്സ്. പന്ത് വായുവിലുയർന്ന് ഫീൽഡ് ക്ലിയർ ചെയ്യുമെന്നുറപ്പാകുന്നതു വരെ അയാൾ നിശബ്ദനായിരുന്നു. എന്നിട്ടാണ് ഒരിക്കലും മറക്കാത്ത, ‘ധോണീ, ഫിനിഷസ് തിംഗ്സ് ഓഫ് ഇൻ സ്റ്റൈൽ’ എന്ന കമന്ററി പറയാൻ ആരംഭിച്ചത്. അത് ക്യാച്ചാവുമോ എന്ന ഭയപ്പാട് അയാൾക്കുണ്ടായിരുന്നിരിക്കണം.

ബിഷപ്പും ഇന്ന് പന്തുയർന്നു പൊങ്ങിയപ്പോൾ നിശബ്ദനായിരുന്നു. പിന്നീടാണ് തന്റെ ടീം, 5 റൺസകലെ വെച്ച് തോറ്റു പോകുന്ന പോരാട്ടത്തിന്റെ കഥ അയാൾ പറയാൻ തുടങ്ങിയത്. ‘ഡൗൺ ദ ഗ്രൗണ്ട്, ബട്ട്..’

നബിയെപ്പോലെ ബ്രാത്‌വെയ്റ്റും തോറ്റു പോയവനാണ്. വിജയിക്കാൻ 6 റൺസും ഒരു മുഴുവൻ ഓവറും ബാക്കിയുള്ളപ്പോൾ ഗ്ലോറി ഷോട്ടിനു ശ്രമിച്ച് പുറത്തായ അയാളെ വേണമെങ്കിൽ കമ്പോഷർ കാണിച്ചില്ലെന്നു പറഞ്ഞ് ക്രൂശിക്കാം. പക്ഷേ, വിൻഡീസ് പൂർണ്ണമായും കൈവിട്ട മത്സരം അയാൾ അവിടെ വരെയെത്തിച്ചു. ആ പന്തിൽ ഒരു സിംഗിളിട്ട് അവസാന ഓവറിൽ വിജയിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അയാൾ വിജയശ്രീലാളിതനായി, ഒരു ഹീറോയായി ഓൾഡ് ട്രാഫോർഡിൽ തലയുയർത്തി നിന്നേനെ. പക്ഷേ, സാധിച്ചില്ല.

എന്തൊക്കെ ഓർമ്മകളാണ്! ഇന്നത്തെ പോരാട്ടവീര്യം സ്ഫുരിക്കുന്ന രണ്ട് ഇന്നിംഗ്സുകളും തോല്വിയിൽ അവസാനിച്ചു. ഏറ്റവുമൊടുവിൽ ക്രിക്കറ്റ് വിജയിച്ചു. ഇന്നത്തെ പോരാട്ടവീര്യം സ്ഫുരിക്കുന്ന രണ്ട് ഇന്നിംഗ്സുകളും തോൽവിയിൽ അവസാനിച്ചു. ഏറ്റവുമൊടുവിൽ ക്രിക്കറ്റ് വിജയിച്ചു. ബ്രാത്‌വെയ്റ്റിനും വിൻഡീസിനും നബിക്കും അഫ്ഗാനിസ്ഥാനും തലയുയർത്താം. എന്തൊരു മാച്ച്, എന്തൊരു ഇന്നിംഗ്സ്!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top