നോർത്തീസ്റ്റിനു പിന്നാലെ ഗോകുലവും റാഞ്ചി ബ്ലാസ്റ്റേഴ്സ്; അർജുൻ ജയരാജും ഷിബിൻ രാജും ബ്ലാസ്റ്റേഴ്സിലേക്ക്

ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്നും രണ്ട് കളിക്കാരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മധ്യനിര താരം അർജുൻ ജയരാജ്, ഗോൾ കീപ്പർ ഷിബിൻ രാജ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഏറെക്കുറെ ഉറപ്പായ സൈനിംഗുകളാണിത്.
അർജുൻ ജയരാജ് മൂന്നു കൊല്ലത്തെ കരാറിലും ഷിബിൻ രാജ് ഒരു വർഷത്തെ കരാറിലുമാണ് ടീമിലെത്തിയത്. 21 ലക്ഷം രൂപയ്ക്കാണ് അർജുനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. അതേ സമയം, ഷിബിൻ രാജിന് 18 ലക്ഷം രൂപയാണ് ലഭിക്കുക.
ഗോകുലം കേരള എഫ്സിയുടെ ശ്രദ്ധേയമായ യുവതാരമാണ് അർജുൻ. മധ്യനിരയിൽ കളി മെനയാൻ മിടുക്കുള്ള താരം രണ്ട് ഐലീഗ് സീസണുകളിലായി 30 മത്സരങ്ങളിൽ ഗോകുലം ജേഴ്സി അണിഞ്ഞിട്ടുണ്ട്. 23കാരനായ അർജുൻ രണ്ട് ഗോളുകളും ഗോകുലത്തിനായി നേടി.
അതേ സമയം, മോഹൻ ബഗാനിൽ നിന്നും കഴിഞ്ഞ സീസണിലാണ് ഷിബിൻ രാജ് ഗോകുലത്തിലെത്തുന്നത്. ഗോകുലത്തിനായി ഷിബിൻ 10 മത്സരങ്ങളിൽ വല കാത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here