Advertisement

‘ചവിട്ടിത്തേക്കുകയോ ചരിത്രമാക്കുകയോ ചെയ്യാം, ഏത് വേണമെന്ന് സഖാക്കൾ തീരുമാനിക്കുക’; നാൻ പെറ്റ മകന്റെ സംവിധായകൻ

June 26, 2019
Google News 1 minute Read

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകം പ്രമേയമാക്കി സജി പാലമേൽ സംവിധാനം ചെയ്ത ‘നാൻ പെറ്റ മകൻ’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. കാണുന്നവർ മികച്ച അഭിപ്രായം പറയുമ്പോഴും തീയേറ്ററുകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണെന്നും ഇടതുപക്ഷ പ്രവർത്തകർ പോലും സിനിമയ്ക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നും സംവിധായകൻ സജി പാലമേൽ പറയുന്നു.

പാർട്ടിക്കെതിരെ അഭിപ്രായം പറയുന്ന ജോയ് മാത്യുവിനേയും, ശ്രീനിവാസനേയും അഭിനയിപ്പിച്ച സിനിമ കാണില്ലെന്നും, പൊളിച്ചുകളയുമെന്നുമൊക്കെയുള്ള തെറിവിളികൾ സൈബറിടങ്ങളിൽ ഒരുപാട് കേട്ടിരുന്നു. അതാണോ ഈ അവഗണനയുടെ കാരണമെന്ന് സജി ചോദിക്കുന്നു. അങ്ങനെയെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ഇനിയെന്താണ് നമ്മൾ പറയുകയെന്നും അദ്ദേഹം ചോദിക്കുന്നു. കാലത്തിനനിവാര്യമായ രാഷ്ട്രീയവുമായി ചേർത്തുവെച്ച് ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ് നാൻ പെറ്റ മകനെന്നും അതിനെ ചവിട്ടിത്തേക്കുകയോ ചരിത്രമാക്കുകയോ ചെയ്യാമെന്നും സജി പറയുന്നു. അതിൽ ഏത് വേണമെന്ന് സഖാക്കൾ തന്നെ തീരുമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘നാൻ പെറ്റ മകൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള അപരിചിതരായ നിരവധിയാളുകളാണ് ഇപ്പോഴും എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവം ഇത്ര ഗംഭീരമായി സിനിമയാക്കി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്നതാണെന്നും ഹൃദയത്തിൽ തൊടുന്ന സിനിമയാണിതെന്നും വൈകാരികമായി പറയുന്നതിനൊപ്പം തിയേറ്ററുകളിൽ എന്തേ ഈ സിനിയ്ക്ക് ആളുകൾ കുറയുന്നു എന്ന സങ്കടമാണ് അവർ പങ്ക് വയ്ക്കുന്ന സംശയവും ചോദ്യവും. എന്ത് മറുപടിയാണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴയുകയാണ്.കടുത്ത പാർട്ടിക്കാരൊന്നുമല്ല, സിനിമയെ സ്‌നേഹിക്കുന്ന അനേകമാളുകളാണ് ഈ ചോദ്യമുന്നയിക്കുന്നതിലേറെയും.

തിയേറ്ററുകളിലെ ഓപ്പറേറ്ററന്മാർ മുതൽ ക്യാന്റീൻ നടന്നുന്നവർ വരെ അത്ഭുതത്തോടെ പറയുന്നത് അഭിമന്യുവിനെക്കുറിച്ച് ഇത്ര മനോഹരമായെടുത്ത സിനിമയെ സഖാക്കൾ പോലും അവഗണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ്. സിനിമ കണ്ട എം എ ബേബി സഖാവ് ,മലയാള സിനിമയിലെ മികച്ച സാക്ഷാത്കാരമായി ഈ സിനിമയെ ചരിത്രം വിലയിരുത്തും എന്നാണ് അഭിപ്രായപ്പെട്ടത്. നെൽസൺ ക്രിസ്റ്റോയായി (സൈമൺ ബ്രിട്ടോ )ജോയ് മാത്യുവിനെ കാസ്റ്റ് ചെയ്തതിനെയാണ് അദ്ദേഹം ഏറെ അഭിനന്ദിച്ചത്. അഭിമന്യുവായി വേഷമിട്ട മിനോണിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് കണ്ണ് കലങ്ങിയാണ് ബേബി സഖാവിന്റെ പത്‌നി ബെറ്റി സഖാവ് തിയേറ്റർ വിട്ടത്. സിനിമ കണ്ട സഖാക്കൾ തോമസ് ഐസക്, എം വി ജയരാജൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് റ്റി ശരത്ചന്ദ്ര പ്രസാദ്, നിരൂപകർ സി എസ് വെങ്കിടേശ്വരൻ, ജി പി രാമചന്ദ്രൻ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ വിവരണാതീതമാണ്. നേരിട്ട് പരിചയമില്ലാത്ത നിരവധി പ്രമുഖരുടെ റിവ്യു സോഷ്യൽ മീഡിയയിലൂടെയും കാണുന്നുണ്ട്. നെഗറ്റീവുകളൊന്നുമില്ലാതെ എല്ലാവരും ഇത്രയേറെ അഭിപ്രായം പറയുന്ന ഒരു സിനിമ എന്തേ ഇങ്ങനെ തിരസ്‌കരിക്കപ്പെടുന്നു?.പുരോഗമന, കലാ, സാംസ്‌കാരിക, വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങൾ ഈ സിനിമ ഏറ്റെടുക്കും എന്ന് സിനിമ കണ്ട നേതാക്കളൊക്കെ തറപ്പിച്ച് പറയുമ്പോഴും എന്തേ അങ്ങനെ സംഭവിക്കാത്തത്? സഖാക്കളോടാണ് എന്റെ ചോദ്യം? ഇത് പൂർണ്ണമായും പാർടി പടമാണെന്ന് തെറ്റിദ്ധരിച്ചാവാം മറ്റുള്ളവർ കയറാത്തത് എന്ന് കരുതാം. പക്ഷെ അഭിമന്യുവിനെയും അവൻ ഉയർത്തിയ മാനുഷിക മൂല്യത്തെയും സഖാക്കൾക്ക് എന്തിന്റെയെങ്കിലും പേരിൽ തിരസ്‌കരിക്കാനാവുമോ?

പാർടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചിറങ്ങിയ എത്ര പാർട്ടി വിരുദ്ധ പടങ്ങൾ കയ്യടിച്ച് വിജയിപ്പിച്ചവരാണ് നമ്മൾ. പാർട്ടിക്കെതിരെ അഭിപ്രായം പറയുന്ന ജോയ് മാത്യുവിനേയും, ശ്രീനിവാസനേയും അഭിനയിപ്പിച്ച സിനിമ കാണില്ലെന്നും, പൊളിച്ചുകളയുമെന്നുമൊക്കെയുള്ള തെറിവിളികൾ സൈബറിടങ്ങളിൽ ഒരുപാട് കേട്ടിരുന്നു. അതാണോ ഈ അവഗണനയുടെ കാരണം? അങ്ങനെയെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും,ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ഇനിയെന്താണ് നമ്മൾ പറയുക?( ഈ സിനിമ ചർച്ച ചെയ്യുന്നതും അതൊക്കെത്തന്നെയാണ് ) ഒന്നു മാത്രം പറയാം സിനിമ ചെയ്ത എന്റെ യോ, അഭിനയിച്ച നടീനടന്മാരുടെയോ വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ മാറിമറിയുകയോ, അവർ തന്നെ മറഞ്ഞു പോവുകയോ ചെയ്‌തേക്കാം..എന്നാൽ നമുക്ക് മുമ്പിൽ അത്ഭുതമായി വന്നു പോയ മനുഷ്യസ്‌നേഹിയായ ഒരുപത്തൊൻപതുകാരന്റെ ജീവിതം കാലത്തിനനിവാര്യമായ രാഷ്ട്രീയവുമായി ചേർത്ത് വച്ച് ഹൃദയം കൊണ്ട് ചെയ്ത സിനിമയാണിത്.

ചവിട്ടിത്തേക്കുകയോ ചരിത്രമാക്കുകയോ ചെയ്യാം.
ഏത് വേണമെന്ന് സഖാക്കൾ തന്നെ തീരുമാനിക്കുക.

സ്‌നേഹത്തോടെ,
സജി എസ് പാലമേൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here