സഞ്ജു ദേശീയ ടീമിലേക്ക്; സാധ്യത അറിയിച്ച് ബിസിസിഐ വക്താവ്

സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ബിസിസിഐ വക്താവ് തന്നെയാണ് സഞ്ജു വീണ്ടും ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യത അറിയിച്ചത്. ലോകകപ്പിനു ശേഷം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ സഞ്ജു ടീമിലേക്ക് തിരികെയെത്തുമെന്നാണ് വിവരം. മൂന്ന് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക.

ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയായതു കൊണ്ട് തന്നെ ജസ്പ്രീത് ബുംറ, വിരാട് കോലി എന്നിവർക്ക് വിശ്രമം നൽകിയേക്കും. ടി-20, ഏകദിന പരമ്പരകളിൽ വിശ്രമം അനുവദിച്ച് ടെസ്റ്റിൽ മാത്രമായിരിക്കും ഇവർ ടീമിനൊപ്പം ചേരുക. അതേ സമയം, ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ കൂടുതൽ താരങ്ങൾക്ക് വിശ്രമം നൽകാനും പദ്ധതിയുണ്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതും ഈ പരമ്പരയിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്.

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരമ്പരയിൽ കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ശ്രേയാസ് അയ്യർ എന്നിവരും കളിച്ചേക്കും. ഇന്ത്യക്കു ഒരു തവണ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. 2015 ജൂലയിൽ നടന്ന സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലായിരുന്നു ഇത്. പിന്നീട് സഞ്ജു ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top