വിജയ് സേതുപതി ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി അമലാ പോൾ

വിജയ് സേതുപതി ചിത്രമായ വിഎസ്പി33ൽ നിന്നും തന്നെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി നടി അമല പോൾ. താൻ ‘പ്രൊഡക്ഷൻ ഫ്രണ്ട്‌ലി’ അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് അമല പുറത്തുവിട്ട കത്തിൽ പറയുന്നു.

തന്നെക്കുറിച്ചുള്ള അത്തരമൊരു ആരോപണമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അമല പറഞ്ഞു. പത്ത് വർഷത്തോളം നീണ്ട കരിയറിൽ ഒരിക്കൽ പോലും ഇക്കാര്യം മറ്റൊരാളും പറഞ്ഞിട്ടില്ലെന്നും അമല കുറിച്ചു.

‘ഉദാഹരണത്തിന് നിർമാതാവ് പ്രതിസന്ധിയിലായപ്പോൾ ഭാസ്‌കർ ഒരു റാസ്‌കൽ എന്ന സിനിമയിൽ ഞാൻ എന്റെ പ്രതിഫലം ഉപേക്ഷിച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നൽകുകയും ചെയ്തു. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാൻ കേസ് കൊടുത്തിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കിൽ എനിക്ക് ചിത്രീകരണത്തിനിടെ താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തിൽ താമസം വേണമെന്ന് പറഞ്ഞ് ഞാൻ ശഠിക്കുകയാണെങ്കിൽ അത് ആ സിനിമയുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷൻ രംഗങ്ങൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. രാവും പകലും ഞങ്ങൾ ഷൂട്ട് ചെയ്തു. പരിക്ക് പറ്റിയിട്ടും ഞാൻ ഷൂട്ടിങ് തുടർന്നു. കാരണം സമയം പോയാൽ വലിയ നഷ്ടം സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.

വിഎസ്പി33യ്ക്ക് വസ്ത്രങ്ങൾ വാങ്ങിക്കാൻ മുംബൈയിൽ എത്തിയിരിക്കുകയാണ് ഞാനിപ്പോൾ. യാത്രയ്ക്കും താമസത്തിനും ഞാൻ സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിർമാതാവ് രത്‌നവേലുകുമാർ എന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയച്ചത്. ഞാൻ അവരുടെ പ്രൊഡക്ഷൻ ഹൗസിന് ചേരില്ലത്രേ… ഞാൻ ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയിൽ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. എന്നാൽ അതിന്റെ സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുൻപ് എന്നെ പുറത്താക്കി. ആടൈയുടെ ടീസർ പുറത്തിറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്.

ഇത് പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ്. ആടൈ പുറത്തിറങ്ങിയാൽ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത’ അമല കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More