ലോക കേരളസഭയിൽ നിന്നുള്ള രാജി പ്രതിപക്ഷ അംഗങ്ങൾ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി; ഇല്ലെന്ന് ചെന്നിത്തല

ലോക കേരളസഭയിൽ നിന്ന് രാജിവെച്ച പ്രതിപക്ഷ അംഗങ്ങൾ രാജി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളോടുള്ള സർക്കാരിന്റെ സമീപനങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ലോക കേരളസഭയിൽ നിന്ന് രാജിവെച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ രാജിവെക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം സമവായത്തിന് തയ്യാറാകണമെന്നും രാജി പിൻവലിക്കണമെന്നും സ്പീക്കറും ആവശ്യപ്പെട്ടു.

എന്നാൽ രാജി പിൻവലിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെറ്റുപറ്റിയെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെന്നും യുഡിഎഫ് പ്രതിനിധി സംഘം അടുത്ത മാസം മൂന്നിന് ആന്തൂർ സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രമേശ് ചെന്നിത്തല നേരത്ത രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് മുഴുവൻ യുഡിഎഫ് അംഗങ്ങളും ലോക കേരള സഭയിൽ നിന്ന് രാജിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top