ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. തന്ത്രിയോട് ദേവസ്വം ചെയര്‍മാന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് തന്ത്രി ഉള്‍പ്പെടുന്ന ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി ഗുരുവായൂരില്‍ യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രിയുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥാപിത താല്‍പര്യക്കാരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നുമാണ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന്റെ നിലപാട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ കലശ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കലശ ചടങ്ങുകള്‍ നടക്കുന്നതിന് സമീപത്തേക്ക് കയറി നിന്ന ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട്  തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്
മാറി നില്‍ക്കണമെന്നവശ്യപ്പെട്ടു. തുടര്‍ന്ന് ചടങ്ങുകള്‍ കഴിഞ്ഞതിനു പിന്നാലെ ഇക്കാര്യത്തില്‍ മാറി നില്‍ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കണമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ തന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ ഇന്നലെ ചേര്‍ന്ന ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി യോഗത്തില്‍
ക്ഷേത്രാചാരങ്ങള്‍ക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ഭരണ സമിതി അംഗങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. അഷ്ടമംഗല്യ പ്രശ്‌ന സമയത്തും ചെയര്‍മാന്‍ തന്ത്രിയെ അധിക്ഷേപിച്ചതായും പരിചാരക സമിതി പറയുന്നു. തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ തന്നോട് വ്യക്തി വിരോധമുള്ളവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കെ ബി മോഹന്‍ദാസിന്റെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top