Advertisement

ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; അഞ്ചു വിക്കറ്റുകൾ നഷ്ടം

June 29, 2019
Google News 0 minutes Read

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. 32 ഓവർ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് അവർ നേടിയിരിക്കുന്നത്. ഉജ്ജ്വലമായി പന്തെറിഞ്ഞ കിവീസ് ബൗളർമാരാണ് ഓസ്ട്രേലിയയെ തകർത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ബാറ്റ്സ്മാന്മാരെ സ്വതന്ത്രമായി വിടാൻ ന്യൂസിലൻഡ് പേസർമാർ തയ്യാറായില്ല. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ അവർ ഓസീസ് ഓപ്പണർമാരെ ക്രീസിൽ തന്നെ കെട്ടിയിട്ടു. സമ്മർദ്ദം അധികരിച്ചതോടെ അഞ്ചാം ഓവറിൽ ആ കൂട്ടുകെട്ട് പൊളിഞ്ഞു. 8 റൺസെടുത്ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി.

ആദ്യ ബൗളിംഗ് ചേഞ്ചിൽ എത്തിയ ലോക്കി ഫെർഗൂസൻ തൻ്റെ ആദ്യ പന്തിൽ തന്നെ വാർണറെയും പുറത്താക്കിയതോടെ ഓസീസിൻ്റെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരിച്ചെത്തി. 10ആം ഓവറിൽ 16 റൺസെടുത്ത വാർണറെ ഫെർഗൂസൻ വിക്കറ്റ് കീപ്പർ ടോം ലതമിൻ്റെ കൈകളിലെത്തിച്ചു. 12ആം ഓവറിൽ വീണ്ടും ഫെർഗൂസൻ ആഞ്ഞടിച്ചതോടെ ഓസീസ് ഒരു തകർച്ച മുന്നിൽ കണ്ടു. ഇത്തവണ 5 റൺസെടുത്ത സ്മിത്തിനെ ഗപ്റ്റിൽ അവിശ്വസനീയമായി പിടികൂടുകയായിരുന്നു.

തുടർന്ന് മാർക്കസ് സ്റ്റോയിനിസും ഉസ്മാൻ ഖവാജയും ഒത്തു ചേർന്നു. നാലാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോകവേ ജെയിംസ് നീഷം സ്റ്റോയിനിസിനെ പുറത്താക്കി. 20ആം ഓവറിൽ 21 റൺസെടുത്ത സ്റ്റോയിനിസ് ടോം ലതമിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 22ആം ഓവറിൽ വീണ്ടും നീഷം ഓസീസിന് പ്രഹരമേല്പിച്ചു. ഒരു റൺ മാത്രമെടുത്ത ഗ്ലെൻ മാക്സ്‌വലിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ നീഷം മത്സരത്തിലെ രണ്ടാം വിക്കറ്റ് വീഴ്ത്തി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറു വശത്ത് ഉറച്ചു നിന്ന ഖവാജ ആറാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 80 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ഖവാജയ്ക്ക് കാരി ഉറച്ച പിന്തുണ നൽകിയതോടെ ഓസീസ് ഇന്നിംഗ്സ് സുരക്ഷിതമാവാൻ തുടങ്ങി. ഇതുവരെ 55 റൺസാണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 34 റൺസെടുത്ത കാരിയും 53 റൺസെടുത്ത ഖവാജയുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here