സൗദിയില്‍ എത്തുന്ന വീട്ടുവേലക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

സൗദിയില്‍ എത്തുന്ന വീട്ടുവേലക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പ്രധാന ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികള്‍ക്കാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ എത്തുന്ന വീട്ടുവേലക്കാരെ തൊഴിലുടമകള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിര്‍ദേശം. എന്നാല്‍ റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരിക്കണം എന്നാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജൂലൈ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
ആദ്യഘട്ടത്തില്‍ റിയാദ് വിമാനത്താവളത്തിലാണ് ഇത് നടപ്പിലാക്കുക. റിക്രൂട്ടിംഗ് കമ്പനികളെ കുറിച്ച വിശദമായ വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും നേരത്തെ വീട്ടുവേലക്കാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. വേലക്കാര്‍ സൗദിയില്‍ എത്തുന്നതിന് ഇരുപത്തിനാല് മണിക്കൂര്‍ മുമ്പെങ്കിലും റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട തൊഴിലുടമകളെ വിവരം അറിയിക്കണം. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന വെട്ടുവേലക്കാരെ വിമാനത്താവളങ്ങളില്‍ വിടേണ്ടതും സ്വീകരിക്കേണ്ടത്തും റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ തന്നെയാണ്. സൗദിയില്‍ എത്തിയ വീട്ടുവേലക്കാരെ റിക്രൂട്ടിംഗ് കമ്പനികളില്‍ നിന്നും സ്വീകരിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകാതിരുന്നാല്‍, വേലക്കാരുടെ സാമ്പത്തിക കാര്യങ്ങളുടെയും മറ്റു നിയമപരമായ അവകാശങ്ങളുടെയും ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് ആയിരിക്കും. മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here