ജേസൻ റോയിയെ പുറത്താക്കാൻ ‘സർ’ ജഡേജ എടുത്ത പറക്കും ക്യാച്ച്; വീഡിയോ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ജഡേജ. പലപ്പോഴും ഫീൽഡിൽ അദ്ദേഹം അവിശ്വസനീയമായ ക്യാച്ചുകൾ എടുത്തിട്ടുണ്ട്. ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ലെങ്കിലും ഫീൽഡിൽ ‘ചത്ത്’ പണിയെടുക്കുന്ന ജഡേജ മികച്ച ക്യാച്ചുകളും എടുത്തിട്ടുണ്ട്. ഇന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും ജഡേജയുടെ പങ്കാളിത്തം ഉണ്ടായി.

കുൽദീപ് യാദവ് എറിഞ്ഞ 23ആം ഓവറിലെ ആദ്യ പന്തിലായിരുന്നു ജഡേജയുടെ പറക്കും ക്യാച്ച്. കുൽദീപിനെ ക്രീസ് വിട്ടിറങ്ങി സ്ട്രൈറ്റ് ലോഫ്റ്റഡ് ഷോട്ട് കളിച്ച റോയിയുടെ സെലക്ഷൻ കൃത്യമായിരുന്നു. ഒരു ഫ്ലാറ്റ് ബൗണ്ടറി ആവേണ്ട പവർഫുൾ ഷോട്ട്. പക്ഷേ, അവിടെ ബൗണ്ടറി ലൈനിലുള്ളത് ജഡേജ ആയിപ്പോയി. ലോംഗ് ഓഫിൽ നിന്നും ഓടിയെത്തിയ ജഡേജ മുന്നിൽ പതിക്കുന്ന പന്ത് ചാടി കൈപ്പിടിയിലൊതുക്കി. ഓപ്പണിംഗ് വിക്കറ്റിലെ 160 നീണ്ട കൂട്ടുകെട്ട് പൊളിച്ച് ഒരു ഓപ്പണിംഗ് ലഭിക്കാൻ കാരണമായത് ഈ വിക്കറ്റ് ആയിരുന്നു.

അതേ സമയം, ഓപ്പണർമാർ ഇരുവരും പുറത്തായതോടെ ഇന്ത്യ കളി തിരിച്ചു പിടിക്കുകയാണ്. 39 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്. 31 റൺസെടുത്ത ജോ റൂട്ടും 15 റൺസെടുത്ത ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.

വീഡിയോ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top