നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അന്വേഷണം ഇന്നോവയിലേക്കും

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഇന്നോവയിലേക്കും. നിര്‍ധനനായ രാജ് കുമാര്‍ വാങ്ങിയ ലക്ഷങ്ങള്‍ വിലയുള്ള കാറിനെക്കുറിച്ചും ഇതിലെ യാത്രകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 25 ദിവസത്തിനുള്ളില്‍ 7300 കിലോമീറ്ററാണ് രാജ് കുമാര്‍ യാത്ര ചെയ്തത്.
ആരെ കാണാനായിരുന്നു യാത്ര, ഇവര്‍ക്ക് രാജ് കുമാറുമായുള്ള ബന്ധം എന്നിവ അന്വേഷണ പരിധിയില്‍ വരും. ഇതിനിടെ , പൊലീസ് കസ്റ്റഡിയിലാണ് രാജ് കുമാറിന് ക്രൂര മര്‍ദ്ദനമേറ്റതെന്ന് വ്യക്തമാക്കുന്ന ഫോട്ടോ കൂടി പുറത്തുവന്നു.
രാജ് കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ ഒരു സംഘമാണ് രാജ് കുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്. രാജ് കുമാറിന്റെ ഹരിത സ്ഥാപനം പൂട്ടുന്നതിന് 25 ദിവസം മുമ്പാണ് ഇന്നോവ വാങ്ങുന്നത്. 8 ലക്ഷം രൂപ വിലയുള്ള വാഹനം 1.25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി വാങ്ങുകയായിരുന്നു. ബാക്കി പണം മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന വ്യവസ്ഥയിലാണ് വാഹനം വാങ്ങിയത്. ഈ കാലയളവ് കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഇടപാടുകാര്‍ വാഹനം തിരികെ കൊണ്ടുപോയി.
എന്നാല്‍ 25 ദിവസത്തിനുള്ളില്‍ രാജ്കുമാര്‍ 7300 യാത്ര ചെയ്തുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഒരു ദിവസം ശരാശരി 300 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്ര ആരെ കാണാന്‍ വേണ്ടിയായിരുന്നെന്നും ഇവര്‍ക്ക് രാജ് കുമാറുമായുള്ള ബന്ധവും അന്വേഷിക്കും. നാട്ടുകാരില്‍ നിന്നും സമാഹരിച്ച 3 കോടിയിലധികം രൂപ ആര്‍ക്കാണ് നല്‍കിയത് എന്നതും അന്വേഷണ പരിധിയില്‍ വരും.
ഇതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ രാജ് കുമാറിന് പരക്കൊന്നുമില്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രം കൂടി പുറത്തുവന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയിരിക്കുന്ന ചിത്രമാണിത്. തിരിച്ചറിയുന്നതിനായി പൊലീസ് എടുത്ത് ചില നാട്ടുകാര്‍ക്ക് അയച്ചുകൊടുത്തതാണിത്. ഈ വേഷത്തില്‍ തന്നെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here