കോഹ്‌ലിയും രോഹിതും കളിച്ചത് വ്യക്തിഗത നേട്ടത്തിന്; വീണ്ടും ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പാക്ക് താരം ബാസിത് അലി. വിരാട് കോലിക്കും രോഹിത് ശർമയ്ക്കുമെതിരെയായിരുന്നു ബാസിത് അലിയുടെ ആരോപണം.

കോലിയും ശര്‍മയും കളിച്ചത് വ്യക്തിഗത നേട്ടത്തിനായാണെന്ന് ബാസിത് അലി ആരോപിച്ചു. ഇരുവരും വിജയതൃഷ്ണ കാണിച്ചില്ലെന്നും ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയത്തിനായി പൊരുതിയതെന്നും ബാസിത് അലി പറഞ്ഞു. പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ 28 റണ്‍സ് മാത്രമാണ് കോലിയും രോഹിത്തും ചേര്‍ന്നടിച്ചത്. ഗ്രൗണ്ടില്‍ പിക്‌നിക്കിന് വന്നവരെപ്പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയെന്നും ബാസിത് വിമര്‍ശിച്ചു.

ബാറ്റിങിനിറങ്ങിയപ്പോള്‍ ഫോമിലാണെന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം. രോഹിത് ഇഷ്ടം പോലെ സമയമെടുത്താണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അലസമായാണ് വിരാട് 66 റണ്‍സടിച്ചത്. 33 പന്തില്‍ 45 റണ്‍സടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയിക്കാനായി ബാറ്റ് വീശിയത്. പാക് ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാസിത് അലി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ലോകകപ്പ് തുടങ്ങിയ ശേഷം ഇതാദ്യമല്ല ബാസിത് അലി വിവാദ പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. നേരത്തെ പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇനിയുള്ള കളികള്‍ മന:പൂര്‍വം തോറ്റുകൊടുക്കുമെന്നായിരുന്നു മുന്‍ താരത്തിന്റെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top