പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിക്കുന്ന നടപടിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌ കളക്ടര്‍ ഹൈക്കോടതിയില്‍

പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിവാദ തടയണ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ മാസം ഇരുപത്തി ഒന്നിനാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ തടയണ പൊളിക്കാന്‍ ആരംഭിച്ചത്.  പന്ത്രണ്ട് ദിവസത്തിനുള്ളില്‍ നാലര മീറ്റര്‍ വീതിയില്‍ 850 ക്യൂബിക് മീറ്റര്‍ മണ്ണാണ് മാറ്റിയത്. തോട് കീറിയാണ് വെള്ളം പുറത്ത് വിടുന്നത്. കോടതി ഉത്തരവനുസരിച്ച് ആറ് മീറ്റര്‍ വീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് ആയിരത്തി ഇരുനൂറ് ക്യൂബിക് മീറ്റര്‍ മണ്ണ് മാറ്റേണ്ടതായുണ്ട്. വീതികൂട്ടാനും മണ്ണ് മാറ്റാനും ഏഴ് മുതല്‍ പത്ത് ദിവസം കൂടി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇതിനായി സമയം അനുവദിക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജില്ലാ കളക്ടറുടെ അഭ്യര്‍ഥന.

വനത്തിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ തടയണ പൊളിക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. മഴയും കാട്ടാനശല്യവും, മണ്ണ് മാറ്റിയിടാന്‍ സ്ഥലമില്ലാത്തതും യന്ത്രങ്ങള്‍ പണിമുടക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നേരത്തെ രണ്ടിടങ്ങളിലായി മൂന്ന് മീറ്റര്‍ വീതം വീതിയില്‍ ചാല് കീറാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാലതാമസം എടുക്കുന്നതിനാല്‍ ഒരു സ്ഥലത്തുതന്നെ ആറുമീറ്റര്‍ വീതീകൂട്ടാനാണ് തീരുമാനം. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹസീല്‍ദാര്‍ അനുവദിച്ച മുന്‍കൂര്‍ തുക ഉപയോഗിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന്
പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടമയില്‍ നിന്ന് റവന്യൂ റിക്കവറി ചെയ്ത് ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top