കോട്ടയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം

കോട്ടയം വെമ്പള്ളിയിൽ റോഡപകടത്തിൽ പരിക്കേറ്റു കിടന്ന യുവാവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി. അപകടമുണ്ടായ സ്ഥലത്ത് പൊലീസ് എത്തിയിട്ടും മുപ്പത് മിനിറ്റോളമാണ് യുവാവ് റോഡിൽ കിടന്നത്. പിന്നീട് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മരിക്കുകയും ചെയ്തു.    റോണി ജോ യാണ് മരിച്ചത്. പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് ഞായറാഴ്ച കോട്ടയം വെമ്പള്ളിയിൽ വെച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ കുര്യം സ്വദേശി ഫിലിപ്പ് ജോക്കുട്ടിക്കും മകൻ റോണിക്കും  അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

Read Also; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർ അറസ്റ്റിൽ; എസ്‌ഐ കുഴഞ്ഞു വീണു

അപകടമുണ്ടായതിന് തൊട്ടു പിന്നാലെ തന്നെ തൃശ്ശൂർ എ.ആർ ക്യാമ്പിലെ പൊലീസ് ജീപ്പ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന റോണിയെ വാഹനത്തിൽ കയറ്റാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി. അര മണിക്കൂറിന് ശേഷം മറ്റൊരു വാഹനത്തിൽ റോണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം എ.ആർ ക്യാമ്പിൽ നിന്നും വിരമിച്ച എസ് ഐയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകട സ്ഥലത്ത് എത്തിയതെന്നും, ഇതുകൊണ്ടാണ് രക്ഷാ പ്രവർത്തനത്തിന് സാധിക്കാതിരുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തെപ്പറ്റി പരിശോധിക്കുമെന്ന് കോട്ടയം എസ്.പി കെ.എം സാബു പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top