ഇടുക്കി എസ്പി നരനായാട്ട് നടത്തുന്നയാൾ; മജിസ്‌ട്രേറ്റിന്റെ നടപടികളും അന്വേഷണ വിധേയമാക്കണമെന്ന് പി.ടി തോമസ്

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ രാജ്കുമാറിനെ റിമാൻഡിൽ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടിയും ജയിൽ അധികൃതരുടെ നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് പി.ടി തോമസ് എംഎൽഎ. ഇടുക്കി എസ്പി നരനായാട്ട് നടത്തുന്നയാളാണ്. കേസിൽ ഇപ്പോൾ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കേസിൽ ഇടുക്കി എസ്പിയെ അറസ്റ്റ് ചെയ്യണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് പൊലീസുകാരെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ സാബു, സിപിഒ സജീവ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്.ഐ സാബുവിന്റെ നേതൃത്വത്തിലാണ് നേരത്തെ രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചത്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് രാജ്കുമാർ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here