തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചേക്കും

തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസയ്ക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതിനായി സിബിഐ മുഖാന്തരം പ്രത്യേക അന്വേഷണ സംഘം ഇന്റര്‍ പോളിന് അപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ പശ്ചാത്തലം പൂര്‍ണമായി പരിശോധിച്ച ശേഷമാകും യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്റര്‍പോള്‍ അന്തിമ തീരുമാനമെടുക്കുക.

ലിസ വെയ്‌സിനെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് പ്രത്യേക സംഘം കൂടുതല്‍ നടപടികള്‍ ആരംഭിച്ചത്. കാണാതായ വരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ കൈമാറുന്നതിനുള്ള ഇന്റര്‍പോളിന്റെ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച അപേക്ഷ പ്രത്യേക സംഘം സിബിഐ മുഖേനെ ഇന്റര്‍പോളിനു കൈമാറി.

കേസിന്റെ പശ്ചാത്തലം പൂര്‍ണമായി പരിശോധിച്ച ശേഷമാകും യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്റര്‍പോള്‍ അന്തിമ തീരുമാനമെടുക്കുക. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ലിസ മറ്റു രാജ്യങ്ങളില്‍ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം.

അതേ സമയം ടൂറിസ് കേന്ദ്രങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ലിസയ്‌ക്കൊപ്പമെത്തിയ മുഹമ്മദലിയെ കണ്ടെത്താന്‍ നേരത്തെ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ലിസയുടെ അമ്മയുടെ മൊഴി എടുക്കാനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിനെയും ബന്ധപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം
വിമാനത്താവളത്തിലെത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top