സാഹിത്യ സുൽത്താന്റെ ഓർമ്മകൾക്ക് കാൽനൂറ്റാണ്ട്

കഥകളുടെ സുൽത്താന്റെ ഓർമ്മകൾക്ക് ഇന്ന് 25 വയസ്സ്. മലയാളികൾ എന്നും ജീവിതത്തോടൊപ്പം ഓർത്തുവയ്ക്കുന്നതായിരുന്നു ബഷീറിന്റെ ഓരോ രചനകളും. 1994 ജൂലൈ 5ന് തന്റെ 86-ാം വയസിലായിരുന്നു ബഷീർ കഥാവശേഷനായത്.

മലയാള ഭാഷയേയും സാഹിത്യത്തെയും തന്റെ മാന്ത്രിക രചനകൾ കൊണ്ട് സമ്പന്നമാക്കിയ എഴുത്തുകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അനുഭവങ്ങളുടെ തീവ്രതയും തീഷ്ണതയുമായിരുന്നു ബഷീർ രചനകളുടെ ആത്മാവ്. ഹാസ്യം കൊണ്ട് വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ കഥാകാരൻ മലയാളത്തിന്റെ ഉമ്മറകോലായിൽ ഇന്നും എഴുതാൻ ഇരിക്കുന്നുണ്ടെന്നാണ് ഓരോ വായനക്കാരന്റെയും വിശ്വാസം.

സാധാരണക്കാരന്റെ പ്രശ്നങ്ങളായിരുന്നു ബഷീറിന് വിഷയം. പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങൾ രചനയായപ്പോൾ അത് ഹൃദയം കൊണ്ടാണ് വായനക്കാർ സ്വീകരിച്ചത്. അങ്ങനെ ഓരോ ബഷീർ കഥാപാത്രങ്ങളും വായനക്കാർക്ക് അവരിൽ ഒരാളായി മാറി. ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ വിട വാങ്ങിയിട്ട് 25 വർഷം പൂർത്തിയാവുമ്പോൾ ഓരോ മലയാളികളുടെയും മനസിൽ സാഹിത്യത്തിന്റെ സുൽത്താനായി ഇന്നും ജീവിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top