മരടിലെ അഞ്ച് ഫ്‌ലാറ്റുകളും പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കുക തന്നെ വേണമെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി രൂക്ഷമായ വിമര്‍ശനത്തോടെ കോടതി തള്ളി. ഉത്തരവ് മറികടക്കാന്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ഫ്‌ലാറ്റ് ഉടമകള്‍ സമ്പാദിച്ചു. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു.
ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജി എടുത്തയുടന്‍ തന്നെ ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും നവീന്‍ സിന്‍ഹയുമടങ്ങിയ ബെഞ്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി. പൊളിച്ചുനീക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ആദ്യദിവസം തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കക്ഷികളും അഭിഭാഷകരും ചേര്‍ന്ന് അവധിക്കാല ബെഞ്ചില്‍ നിന്ന് സ്റ്റേ നേടി.
ഇത് അഭിഭാഷക വൃത്തിയുടെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരും കക്ഷികളും ശ്രമിച്ചത്. കോടതിയലക്ഷ്യ നടപടിയാണ് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടത്. അഭിഭാഷകര്‍ക്ക് പണമാണോ എല്ലാം. കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ ബംഗാളിലെ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. ഇനി ഒരു കോടതിയും മരട് വിഷയം പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്സ് എന്നിവ ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ മേയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്.