കസ്റ്റഡി മരണം; ജയിൽ ഡിഐജി നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് നാളെ ജയിൽ ഡിജിപി ഋഷിരാജ് സിങിന് കൈമാറിയേക്കും. ജയിൽ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്ന് കണ്ടെത്തുന്നതിനായാണ് ജയിൽ ഡിഐജി മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയ ഡി.ഐ.ജി ന്യൂറോളജി വിഭാഗത്തിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായി പിന്നീട് പീരുമേട് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തെ ഉത്തരവിട്ടിരുന്നു. രാജ്കുമാറിന് ജയിലിൽ വെച്ച് മർദ്ദനമേറ്റിട്ടുണ്ടോയെന്നും ആശുപത്രിയിലെത്തിക്കുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജയിൽ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം പീരുമേട് സബ് ജയിലിലെത്തി പരിശോധന നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here