അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ എംഎല്‍എ പ്രദീപ് കുമാറിനെതിരെ ആരോപണവുമായി യുഡിവൈഎഫ്

കോഴിക്കോട് കോര്‍പ്പറേഷനിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ എംഎല്‍എ പ്രദീപ് കുമാറിനെതിരെ ആരോപണവുമായി യുഡിവൈഎഫ് റാം ബയോളജിക്കലിന് ടെന്‍ഡര്‍ നല്‍കിയത് പ്രദീപ് കുമാര്‍ ഇടപെട്ടിട്ടാണെന്നാണ് ആരോപണം. പ്രദീപ് കുമാറും കുടുംബവും റാം ബയോളജിക്കല്‍ എംഡി യും ആയി നടത്തിയ വിനോദ യാത്രയുടെ ചിത്രങ്ങളും യുഡിവൈഎഫ് പുറത്ത് വിട്ടു.

അമൃത് പദ്ധതിയുമായി ബന്ധപെട്ട ക്രമക്കേടുകള്‍ക്ക് പിന്നില്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ് കുമാറിനും പങ്ക് ഉണ്ടെന്നാണ് യുഡിവൈഎഫിന്റെ ആരോപണം. പദ്ധതി അട്ടിമറിച്ചെന്ന ആരോപണവുമായി യുഡിവൈഎഫിന്റെ നേത്രത്വത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും നടന്നു. ടെന്‍ഡര്‍ നല്കിയ റാം ബയോളജിക്കല്‍ കമ്പനി എംഡി റീന അനില്‍കുമാറും പ്രദീപ് കുമാര്‍ എം എല്‍ എയും കുടുംബവുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും യുഡിവൈഎഫ് പുറത്തു വിട്ടു. പ്രദീപ് കുമാറിന്റെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഉണ്ടായിരുന്ന ഈ ചിത്രങ്ങള്‍ ഇപ്പോള്‍ നീക്കം ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അടക്കം അഴിമതിയില്‍ പങ്ക് ഉണ്ടന്നും പദ്ധതി ഡിപിആര്‍ തയ്യാറാക്കുന്നതിന് വേണ്ട യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് റാം ബയോളജിക്കലിനെ കണ്‍സല്‍ട്ടന്‍സി ആയി നിയമിച്ചതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സിദ്ദിഖ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top