Advertisement

ഈ കോപ്പ അമേരിക്ക ബ്രസീലിനു വേണ്ടി നടത്തുന്നത്; ഗുരുതര ആരോപണവുമായി ലയണൽ മെസ്സി

July 7, 2019
Google News 0 minutes Read

കോപ്പ അമേരിക്കക്കെതിരെയും ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെയും ഗുരുതര ആരോപണവുമായി അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. ഈ ടൂർണമെൻ്റ് ആതിഥേയരായ ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്ന് മെസ്സി ആരോപിച്ചു. റഫറിയിങ്ങിൽ മാന്യത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

” ഇതിൽ ഒരു സംശയവും വേണ്ട, എല്ലാം ബ്രസീലിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെച്ചിരിക്കുന്നതാണ്. ഞങ്ങൾക്കൊരിക്കലും അഴിമതിയുടെയോ ഒത്തുകളിയുടെയോ ഭാഗമാവേണ്ടതില്ല. എപ്പോഴും മൗനം പാലിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. വാക്കുകളിൽ സത്യസന്ധത പുലർത്താനുമാണ് ഞാൻ ശ്രമിക്കുന്നത്. ബ്രസീലിനെതിരായ മത്സരത്തിൽ തന്നെ ഈ പക്ഷപാതിത്യം തെളിഞ്ഞതാണ്. അന്ന് ഞാനത് പറഞ്ഞപ്പോൾ എല്ലാവരും എന്നെ വേട്ടയാടാനാണ് ശ്രമിച്ചത്. എന്നാലിപ്പോൾ അതെല്ലാം തെളിഞ്ഞിരിക്കുന്നു ” മെസ്സി പ്രതികരിച്ചു.

ചിലിക്കെതിരെ മൂന്നാം സ്ഥാനത്തിനു വേണ്ടി നടന്ന മത്സരത്തിൽ മെസ്സിക്ക് ചുവപ്പു കാർഡ് കാണേണ്ടി വന്നിരുന്നു. ഈ ചുവപ്പു കാർഡ് താൻ അർഹിച്ചിരുന്നതല്ലെന്നു പറഞ്ഞ മെസ്സി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ ബഹിഷ്കരിച്ചിരുന്നു. ഫുട്ബോൾ ലോകത്തും ആ ചുവപ്പു കാർഡ് വിവാദമായി. നിലവാരം കുറഞ്ഞ റഫറിയിങ്ങിനെതിരെ വിമർശനം ഉയരുകയാണ്.

ബ്രസീലിനെതിരെ നടന്ന സെമിഫൈനൽ മത്സരത്തിലും റഫറിയിറിംഗ് വിമർശിക്കപ്പെട്ടിരുന്നു. വാർ ഉപയോഗിച്ചിട്ടും അർജൻ്റീനയ്ക്ക് അനുകൂലമായ പെനൽട്ടി നൽകിയില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here