സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി

മുൻ സിപിഎം നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. മൊയ്തു എന്ന മിഥുനാണ് ഇന്ന് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.കേസിൽ രണ്ട് പ്രതികൾ കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന വിപിൻ എന്നിവരാണ് കഴിഞ്ഞയാഴ്ച തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.
Read Also; സി.ഒ.ടി നസീർ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
അതേ സമയം സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ യെ സ്ഥലം മാറ്റിയിട്ടുണ്ട്. തലശ്ശേരി സി.ഐ. വിശ്വംഭരനെയാണ് കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. കേസിൽ ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലം മാറ്റം.
തലശ്ശേരിയിൽ പുതിയ സി.ഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു. അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്.ഐ ഹരീഷിനും ഉടൻ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സിഒടി നസീറിന് നേരെ മെയ് 18 ന് രാത്രിയാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here