ഗ്രീസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം

ഗ്രീസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം. ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് കിരിയാക്കോസ് മിസ്‌തോകാക്കിസ് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. ന്യൂ ഡെമോക്രസി പാര്‍ട്ടി 39.8 ശതമാനം വോട്ട് നേടിയപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയായ സിറിസ പാര്‍ട്ടിയ്ക്ക് ലഭിച്ചത് 31.5 ശതമാനം വോട്ട് മാത്രമാണ്.

300 അംഗ പാര്‍ലമെന്റില്‍ 158 സീറ്റുകളില്‍ വലതുപക്ഷ പാര്‍ട്ടിയായ ന്യൂ ഡമോക്രസി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ 86 സീറ്റുകളാണ് സിറിസ പാര്‍ട്ടിയ്ക്ക് ലഭിച്ചത്. മറ്റു വലതുപക്ഷ പാര്‍ട്ടികളികളെ മൂവ്‌മെന്റ് ഫോര്‍ ചേഞ്ച് പാര്‍ട്ടിയും ഗ്രീക്ക് സ്വലൂഷന്‍ പാര്‍ട്ടിയും യഥാക്രമം22ഉം 10സീറ്റുകള്‍ നേടി.

അതേസമയം സിറിസ പാര്‍ട്ടിയോട് അടുപ്പം പുലര്‍ത്തിയ കമ്മ്യൂണിസ്റ്റുകള്‍ 15സിറ്റിലും മിറ25 9സീറ്റിലും ഒതുങ്ങി. ശക്തമായ ജനവിധിയാണ് വോട്ടര്‍മാര്‍ നല്‍കിയതെന്നും താന്‍ എല്ലാ ഗ്രീക്കുകാരുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ന്യൂ ഡെമോക്രസി പാര്‍ട്ടി അണികള്‍ നല്‍കിയ സ്വീകരണത്തില്‍ കിരിയാക്കോസ് മിസ്‌തോകാക്കിസ് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ പ്രതികരണം.

സാമ്പത്തിക പരിഷ്‌കരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോയതാണ് സിരിസയ്ക്ക് തിരിച്ചടിയായത്. പാര്‍ട്ടിയിലെ ആഭ്യന്തര കലാപങ്ങളും സിപ്രസിന് തലവേദനയായി. മെയ് മാസം നടന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് അലക്‌സിസ് സിപ്രാസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മൂന്നു മാസം നേരത്തെയാക്കുകയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top