പ്രളയത്തെ അതിജീവിച്ച് മത്സ്യകൃഷിയില്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ച് ഒരു കര്‍ഷകന്‍

പ്രളയത്തെ അതിജീവിച്ച് മത്സ്യകൃഷിയില്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി ഇസ്മയില്‍. ഒരു ജല ചെമ്മീന്‍ കര്‍ഷക വിഭാഗത്തില്‍ ദേശീയ മത്സ്യ വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ഇസ്മയിലിനെ തേടിയെത്തി. ദേശീയ മത്സ്യകര്‍ഷക ദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച്ച ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം പ്രദേശത്ത് പത്തേക്കറിലാണ് ഇസ്മയില്‍ ചെമ്മീന്‍ കൃഷി ഇറക്കിയത്. ആറു വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇസ്മയില്‍ ചെമ്മീന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ കൃഷിയിടം പൂര്‍ണമായും മുങ്ങുകയും 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാല്‍ മത്സ്യകര്‍ഷക വികസന ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷവും കൃഷിയിറക്കുകയായിരുന്നു.

മൂന്ന് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് കൃഷി ചെയ്യുന്നത്. അതോറിറ്റിയുടെ ഗവേഷണ വികസന കേന്ദ്രമായ രാജീവ് ഗാന്ധി ജലകൃഷി കേന്ദ്രത്തിന്റെ കടല്‍ മത്സ്യ ഹാച്ചറിയില്‍ വികസിപ്പിച്ചെടുത്ത രീതികളാണ് കൃഷിയില്‍ അവലംബിക്കുന്നത്. രാസവസ്തുക്കളോ ആന്റിബയോട്ടിക്കുകളോ ഉപയോഗിക്കാതെയും വെള്ളം മാറ്റാതെയുമുള്ള സുരക്ഷിത കൃഷിരീതിയാണ് വിജയരഹസ്യം. ചെമ്മീന്‍ കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് കൂട്ടാനും തീറ്റയുടെ അളവ് മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് പകുതിയാക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.

പോണ്ടിച്ചേരിയില്‍ നിന്ന് ആര്‍ജിസിഎ വഴി വിതരണം ചെയ്ത വനാമി ഇനത്തില്‍പ്പെട്ട ചെമ്മീന് കൃഷിയാണ് ഇസ്മയിനുള്ളത്. 168 ദിവസം കൊണ്ട് വിളവെടുക്കുന്ന നാല് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് 8000 കിലോ ചെമ്മീന്‍ ഇത്തവണ വിളവ് നേടാനും ഈ കര്‍ഷകനായി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top