പോക്‌സോ കേസുകൾക്ക് മാത്രമായി കോടതി സ്ഥാപിക്കാൻ തീരുമാനമായി

പോക്‌സോ കേസുകൾക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കും.
നിർത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലിൽ നിന്നും പുനർവിന്യാസത്തിലൂടെയാണ് 10 തസ്തികകൾ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയിൽ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.
സ്വയംപര്യാപ്തമായ ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരുടെ ഓണറേറിയം 12,000 രൂപയിൽ നിന്നും 18,000 രൂപയായും മുഴുവൻ സമയ ചെയർമാൻമാരുടെ ഓണറേറിയം 20,000 രൂപയിൽ നിന്നും 25,000 രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചു. ഈ നിരക്കിൽ കൂടുതൽ ഓണറേറിയം ലഭിക്കുന്ന ചെയർമാൻമാരുടെ ഓണറേറിയം അതേ നിരക്കിൽ തുടർന്നും അനുവദിക്കും.
കേരള ഹൈക്കോടതി സർവ്വീസിലെ ജീവനക്കാരുടെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here