ബാലഭാസ്‌ക്കറിന് ഇന്ന് 41-ാം പിറന്നാൾ; ആശംസകൾ നേർന്ന് സ്റ്റീഫൻ ദേവസിയും ഇഷാനും

അകാലത്തിൽ വേർപിരിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് ഇന്ന് 41-ാം പിറന്നാൾ. ബാലഭാസ്‌ക്കറിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തുക്കളും സംഗീത സംവിധായകരുമായ സ്റ്റീഫൻ ദേവസിയും ഇഷാൻ ദേവും. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ബാലഭാസ്‌ക്കറിന് ആശംസകൾ നേർന്നക്.
ബാലഭാസ്‌ക്കറുമായി പങ്കിട്ട ഓർമകൾ താൻ എപ്പോഴും ഓർക്കുന്നുവെന്ന് പറഞ്ഞാണ് സ്റ്റീഫൻ ദേവസി കുറിപ്പിട്ടത്. തമാശകളും ചിരികളും എല്ലാം ഓർക്കുന്നു. ബാലഭാസ്‌ക്കർ എന്നും തനിക്ക് പ്രിയപ്പെട്ടവനായിരുന്നു. അതിനിയും അങ്ങനെ ആയിരിക്കും. താൻ ബാലഭാസ്‌ക്കറിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും സ്റ്റീഫൻ കുറിച്ചു. സ്റ്റീഫനും ബാലഭാസ്‌ക്കറും ഡ്രമ്മർ ശിവമണിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും സ്റ്റീഫൻ ദേവസി പങ്കുവെച്ചു.
പിറന്നാൾ ആശംസകൾ ബിഗ് ബി എന്നു പറഞ്ഞുകൊണ്ടാണ് ഇഷാൻ ദേവ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ബാലഭാസ്‌ക്കറിന് ഏറെ ഇഷ്ടപ്പെട്ട തെന്റ്രൽ വന്ത് എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന്റെ കവർ വേർഷനും ഇഷാൻ ആലപിച്ചു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.youtube.com/watch?v=nCUvFcE2QcA&fbclid=IwAR0rfEWmGXk5H01kbTZp5oS8kLpvmmMAjS0CowQ8kVRxLB0ZflRHgPqf35g
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here