24/4; ആദ്യ പവർപ്ലേയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്ര

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ പത്തോവറിൽ 4 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 24 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്കോർ ചെയ്യാനായത്. മാറ്റ് ഹെൻറി ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് ട്രെൻ്റ് ബോൾട്ടാണ് നേടിയത്.
രോഹിത് ശർമ (1), വിരാട് കോലി (1), ലോകേഷ് രാഹുൽ (1), ദിനേഷ് കാർത്തിക് (6) എന്നിവരാണ് പുറത്തായത്. മത്സരത്തിൻ്റെ രണ്ടാം ഓവറിൽ രോഹിത് ശർമ്മയെ ടോം ലതമിൻ്റെ കൈകളിലെത്തിച്ച ഹെൻറിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. അടുത്ത ഓവറിൽ ട്രെൻ്റ് ബോൾട്ട് വിരാട് കോലിയെ വിക്കറ്റിനു മുന്നിൽ കുരുക്കി. തൊട്ടടുത്ത ഓവറിൽ വീണ്ടും ഹെൻറി അടുത്ത വിക്കറ്റ് വീഴ്ത്തി. രാഹുലിനെയും ലതം പിടികൂടുകയായിരുന്നു.
തുടർന്ന് കാർത്തികും ഋഷഭ് പന്തും കൂടി ഒരു കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും പവർ പ്ലേയുടെ അവസാന ഓവറിൽ ഹെൻറി വീണ്ടും ആഞ്ഞടിച്ചു. കാർത്തികിനെ പോയിൻ്റിൽ ഉജ്ജ്വലമായി ഒറ്റക്കയ്യിൽ കൈപ്പിടിയിലൊതുക്കിയ ജെയിംസ് നീഷം ഇന്ത്യയെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. ടൂർണമെൻ്റിൽ ഇതു വരെ കണ്ടതിൽ നിന്ന് ഏറ്റവും മികച്ച ക്യാച്ചാണ് നീഷം നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here