ഓസീസിനു ബാറ്റിംഗ് തകർച്ച; 3 വിക്കറ്റുകൾ നഷ്ടം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. മൂന്നു മുൻനിര വിക്കറ്റുകളാണ് നിലവിലെ ചാമ്പ്യന്മാർക്ക് നഷ്ടമായിരിക്കുന്നത്. ഉജ്ജ്വലമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ഓപ്പണിംഗ് ബൗളർമാരാണ് ഓസീസിൻ്റെ മുൻനിരയെ തകർത്തെറിഞ്ഞത്.
രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ചിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനു സ്വപ്ന സമാനമായ തുടക്കം നൽകി. മൂന്നാം ഓവറിൽ വാർണറും പുറത്ത്. ഒൻപത് റൺസെടുത്ത വാർണറെ ക്രിസ് വോക്സിൻ്റെ പന്തിൽ ജോണി ബാരിസ്റ്റോ പിടികൂടി. പരിക്കേറ്റ ഉസ്മാൻ ഖവാജയ്ക്കു പകരം ടീമിലെത്തിയ പീറ്റർ ഹാൻഡ്സ്കോമ്പ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ വോക്സിനു തന്നെ കീഴടങ്ങി. 4 റൺസെടുത്ത ഹാൻഡ്സ്കോമ്പ് പ്ലെയ്ഡ് ഓണാവുകയായിരുന്നു.
നിലവിൽ 8 ഓവർ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തിട്ടുണ്ട്. സ്റ്റീവൻ സ്മിത്തും (2) അലക്സ് കാരി (4) യുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here