ഗോവ പ്രതിസന്ധി ലോക്‌സഭയിൽ; അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

ഗോവ രാഷ്ട്രീയ പ്രതിസന്ധി ലോക്‌സഭയിൽ. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കർണാടകയ്ക്ക് പിന്നാലെ ഗോവയിലും കോൺഗ്രസിന് തിരിച്ചടി നൽകി പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇതാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂടുമാറിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ എംഎൽഎമാർ തങ്ങൾ കോൺഗ്രസ് വിടുകയാണെന്നും നിയമസഭയിൽ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിക്കുകയായിരുന്നു. ബിജെപി പാളയത്തിലെത്തിയ എംഎൽഎമാർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഗോവ നിയമസഭയിൽ കോൺഗ്രസിനാകെ 15 എംഎൽഎമാരാണുള്ളത്. നാൽപത്ത് അംഗ ഗോവ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 17 എംഎൽഎമാരാണുളളത് വിമത കോൺഗ്രസ് എംഎൽഎമാർ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27ആവും. നിലവിൽ ഗോവ ഫോർവേർഡ് പാർട്ടിയുടേയും സ്വതന്ത്രൻമാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here