Advertisement

കിം ജോങ് ഉന്‍ രാജ്യ തലവന്‍; പുത്തന്‍ ഭരണഘടന ഭേദഗതിയുമായി ഉത്തരകൊറിയ

July 12, 2019
Google News 1 minute Read

കിം ജോങ് ഉന്‍ ആണ് രാജ്യത്തിന്റെ തലവനെന്ന് വ്യക്തമായി രേഖപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുമായി ഉത്തര കൊറിയ. പതിനാലാമത് സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലെ ആദ്യ സമ്മേളനത്തിന്റെ ഭേദഗതി കൊണ്ടു വന്നത്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റായ നയനാരയാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്ന പദവിയാണ് നിലവില്‍ കിം ജോങ് ഉന്‍ വഹിക്കുന്നത്. ഈ പദവിക്ക് ‘പരമോന്നത നേതാവ്’ എന്നതിനൊപ്പം ‘രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന ഭേദഗതിയാണ് ഭരണഘടനയുടെ നൂറാം പ്രമാണത്തില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ സുപ്രീം പീപ്പിള്‍സ് അസംബ്ലി പ്രിസീഡിയത്തിന്റെ പ്രസിഡന്റ് എന്ന പദവിക്കായിരുന്നു ‘നിലവില്‍ രാജ്യത്തെ പ്രതിനിധികരിക്കുന്നത്’ എന്ന വാഖ്യാനം ഉണ്ടായിരുന്നത്.

ഏപ്രിലില്‍ കിമ്മിന്റെ അനുയായി ചോയ് റയോങ് ഹെയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. നയതന്ത്രതലത്തില്‍ ഈ പദവിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്നത്. ഈ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്ന കിമ്മിന്റെ പദവി തന്നെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വ്യക്തമാക്കി ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്.

2011 ല്‍ പിതാവ് കിം ജോങ് ഇല്ലിന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ കിം, പിതാവ് വഹിച്ചിരുന്ന സുപ്രീം ലീഡര്‍ എന്ന പദവി ഏറ്റെടുത്തതിലൂടെ രാജ്യത്തെ പരമോന്നത നേതാവായി ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യാന്തര നയതന്ത്രം ഉള്‍പ്പെട്ട ഔദ്യോഗിക വേദികളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെന്ന സ്ഥാനപ്പേരില്ലാത്തത് മറ്റു രാജ്യങ്ങളുമായുള്ള നടപടിക്രമങ്ങളെ ബാധിച്ചു.

പുതിയ ഭരണഘടനാ ഭേദഗതി വഴി ‘രാഷ്ട്ര തലവന്‍’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിലൂടെ രാജ്യാന്തര നയതന്ത്രതലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യയുടെ വഌഡിമിര്‍ പുടിന്‍, ചൈനയുടെ ഷി ജിന്‍പിങ് എന്നിവര്‍ക്ക് തുല്യപ്രാധാന്യം പ്രോട്ടോക്കോള്‍ അടിസ്ഥാനത്തില്‍ കിമ്മിന് ലഭിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here