എസ്എഫ്‌ഐ യെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് കെഎസ്‌യു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അഴിഞ്ഞാടുന്ന എസ്എഫ്‌ഐയെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. സംഘർഷത്തിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. സർക്കാർ ഗുണ്ടാ പ്രവർത്തനത്തിന് വളം വെച്ച് കൊടുക്കുകയാണ്. സംഘർഷത്തെപ്പറ്റി താനറിഞ്ഞില്ലെന്ന് പറഞ്ഞ പ്രിൻസിപ്പൽ വേറെ പണിക്ക് പോകണമെന്നും അഭിജിത്ത് പറഞ്ഞു.
Read Also; യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; 8 എസ്എഫ്‌ഐ നേതാക്കൾക്കെതിരെ വധശ്രമക്കേസ്
എകെജി സെന്ററിൽ നിന്ന് നേരിട്ട് നിയന്ത്രിക്കുന്ന ക്യാമ്പസിലാണ് ഇന്ന് അക്രമമുണ്ടായത്. ഇതേപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്ന് ഉച്ചയോടെയാണ് എസ്എഫ്‌ഐ പ്രവർത്തകരും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്.
സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെയും എബിവിപിയുടെയും നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് വൈകീട്ട് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here