ലോകകപ്പിലെ പുറത്താവൽ; രവി ശാസ്ത്രിക്കെതിരെ ആരാധക രോഷം

ലോകകപ്പ് സെമിഫൈനലിൽ തോറ്റ് ഇന്ത്യ പുറത്തായതിനു കാരണം കോച്ച് രവി ശാസ്ത്രിയാണെന്ന് ആരാധകർ. ഇന്ത്യൻ പരിശീലകനായി രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച താരങ്ങളുണ്ടായിട്ടും നല്ലൊരു മധ്യനിരയെ കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് സാധിക്കാത്തത് രവി ശാസ്ത്രിയുടെ പരാജയമാണെന്നാണ് അവർ പറയുന്നത്. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി സ്വതന്ത്രനാക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.
ലോകകപ്പ് തുടങ്ങുന്നതിനു വളരെ നാളുകൾക്കു മുൻപ് തന്നെ ഇന്ത്യയുടെ മധ്യനിരയെപ്പറ്റി സംശയങ്ങൾ ഉയന്നിരുന്നു. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, കേദർ ജാദവ്, കെഎൽ രാഹുൽ തുടങ്ങി ഒട്ടേറെ കളിക്കാരെ കഴിഞ്ഞ വർഷം ഇന്ത്യ പരീക്ഷിച്ചു. ലോവർ ഓർഡർ പ്രകടനങ്ങളുടെ ബലത്തിൽ കേദാർ ജാദവും ബാക്കപ്പ് ഓപ്പണർ എന്ന നിലയിൽ ലോകേഷ് രാഹുലും ഫിനിഷർ എന്ന നിലയിൽ ദിനേഷ് കാർത്തികും ടീമിൽ സ്ഥാനമുറപ്പിച്ചു.
നാലാം നമ്പറാണ് അപ്പോഴും പരിഹരിക്കപ്പെടാതിരുന്നത്. സ്ഥിരതയാർന്ന പ്രകടനങ്ങളുമായി ഒടുവിൽ അമ്പാട്ടി റായുഡു ആ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കെ ആണ് കഴിഞ്ഞ ഐപിഎൽ സീസണിൽ അദ്ദേഹം ഫോം ഔട്ടാകുന്നത്. ഇതോടെ റായുഡു പുറത്ത്. പകരം വന്നത് വിജയ് ശങ്കർ. ത്രീ ഡയമൻഷണൽ പ്ലയർ എന്നൊക്കെ പറഞ്ഞ് സെലക്ടർമാർ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ലോകകപ്പിൻ്റെ സമ്മർദ്ദം സഹിക്കാനുള്ള മത്സരപരിചയം അദ്ദേഹത്തിനായിട്ടില്ലെന്ന് വൈകാതെ തെളിഞ്ഞു.
പരിക്കിൻ്റെ രൂപത്തിൽ ധവാൻ പുറത്തായപ്പോൾ ടീമിലെത്തിയത് ഋഷഭ് പന്ത്. തീരെ പരിചയമില്ലാത്ത നാലാം നമ്പറിൽ പന്ത് തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ക്ഷമയോടെ ക്രീസിൽ പിടിച്ചു നിൽക്കുന്ന എന്ന ധർമം മറന്ന് വിക്കറ്റ് വലിച്ചെറിഞ്ഞത് ഇന്ത്യയുടെ സെമിഫൈനൽ തോൽവിയിൽ നിർണായകമായിരുന്നു.
ഒരു കോച്ച് എന്ന നിലയിൽ രവി ശാസ്ത്രിക്ക് ചെയ്യാനുണ്ടായിരുന്നത് മധ്യനിരയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. ബാക്കിയൊക്കെ ഇന്ത്യക്കുണ്ട്. ശക്തമായ ടോപ്പ് ഓർഡറും ലോക നിലവാരമുള്ള ബൗളർമാരും ഉണ്ടെന്നതായിരുന്നു ഇന്ത്യൻ വിജയങ്ങളിലെ സുപ്രധാന ഘടകം. മധ്യനിരയുടെ ബലഹീനത ടോപ്പ് ഓർഡർ മറച്ചു പിടിക്കുന്നത് കൊണ്ടാണ് അധികം പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്. പക്ഷേ, ആകെ ചെയ്യേണ്ടിയിരുന്ന ഒരു ജോലി ചെയ്യാത്ത ശാസ്ത്രി ഇനിയെന്തിനെന്നാണ് ആരാധകരുടെ ചോദ്യം.
സെമിഫൈനലിൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കാനുള്ള കോലിയുടെ തീരുമാനത്തിനെതിരെ സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ഐപിഎൽ സീസണിൽ ഫോമാവാതിരുന്ന റായുഡുവിനു പകരം വിജയ് ശങ്കറെ ടീമിൽ ഉൾപ്പെടുത്തിയ കോലി കളിക്കാരെ വിശ്വാസത്തിലെടുക്കണം എന്നാണ് ആരാധകർ പറയുന്നത്. കോലിയെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കി സച്ചിനിൽ നിന്നും ഗാംഗുലി ടീമിനെ ഏറ്റെടുത്തതു പോലെ രോഹിതിനെ ക്യാപ്റ്റൻ ആക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here