പൊന്നാനി പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജനം; ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി

തിരൂര്‍ – പൊന്നാനി പുഴയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു.
പുഴ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി.
തിരൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലുണ്ടായത്. മാലിന്യം തള്ളിയും, കൈയ്യേറിയും, മീന്‍ വളര്‍ത്തു കേന്ദ്രമാക്കാന്‍ ഒഴുക്ക് തടഞ്ഞുമൊക്കെ പുഴയെ നശിപ്പിക്കുന്നത് പതിവായിരുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ അലവിക്കുട്ടി നല്‍കിയിരുന്നങ്കിലും പരിഹാരമില്ലാതെ വന്നതോടെയാണ് പുഴ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് എവി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി തിരൂരിലെത്തി നേരിട്ട് തെളിവെടുത്തു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി കക്കൂസ് മാലിന്യങ്ങളടക്കമുള്ളത് പുഴയിലേക്ക് തള്ളുന്നതായി സമിതി കണ്ടെത്തി. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് പരാതിയുയര്‍ന്ന മത്സ്യ-മാസ മാര്‍ക്കെറ്റും സമിതി പരിശോധിച്ചു. വിശദമായ റിപ്പോര്‍ട്ട് വൈകാതെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കുമെന്ന് സമിതി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here