വിചിത്ര നിയമങ്ങൾ; ഐസിസിക്കെതിരെ ക്രിക്കറ്റ് താരങ്ങൾ

ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ വിചിത്ര നിയമങ്ങളിലൂടെ വിജയിയെ തിരഞ്ഞെടുത്ത ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെതിരെ മുൻ താരങ്ങൾ. കൂടുതൽ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിച്ചതും ബെൻ സ്റ്റോക്സിൻ്റെ ബാറ്റിലിടിച്ച് ബൗണ്ടറി കടന്ന പന്തിന് ഓവർ ത്രോ നൽകിയതുമാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ നിയമങ്ങളാണിതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു.

അത്യന്തം നാടകീയമായ മത്സരമാണ് ഇന്നലെ ലോർഡ്സിൽ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 50 ഓവറിൽ അതേ സ്കോറിന് ഓൾഔട്ടായി. ഇതേതുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിൽ ഇരു ടീമുകൾക്കും 15 റൺസ് വീതമേ സ്കോർ ചെയ്യാനായുള്ളൂ. മത്സരം ടൈ ആയതോടെയാണ് കൂടുതൽ ബൗണ്ടറികളടിച്ച ഇംഗ്ലണ്ട് ലോക ജേതാക്കളായത്.

അതേ സമയം, കൂടുതൽ ബൗണ്ടറിയടിച്ച ടീമിനെ എങ്ങനെയാണ് വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കുക എന്നതാണ് ആർദ്ധകരുടെ ചോദ്യം. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിവർക്കൊപ്പം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ നിയമത്തിനെതിരെ രംഗത്തു വന്നു.

ബെൻ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടിയ പന്ത് ബൗണ്ടറി കടന്നതിന് 4 റൺസ് ഓവർ ത്രോ നൽകിയതിനെതിരെയാണ് ആരാധകർ രംഗത്തു വന്നത്. ഫീൽഡർമാരുടെ പിഴവു കൊണ്ട് സംഭവിച്ചതാണെങ്കിൽ അതിനു റൺസ് നൽകാമെന്നും എന്നാൽ ബാറ്റ്സ്മാൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി പോയതിനു റൺസ് നൽകുന്നത് നീതികേടാണെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top