കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തുമെന്ന് വിസി; ഗവർണറെ രേഖാമൂലം അറിയിച്ചു

കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തുമെന്ന് വൈസ് ചാൻസലർ. ഇക്കാര്യം ഗവർണറെ രേഖാമൂലം അറിയിച്ചു. ശേഷിക്കുന്ന ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോളേജുകൾക്ക് നിർദേശം നൽകിയതായും വി സി ഗവർണറെ അറിയിച്ചു. ഉത്തരക്കടലാസുകൾ പ്രതിയുടെ വീട്ടിൽ കണ്ടത് സംബന്ധിച്ച് ഗവർണർ വിശദീകരണം ആരാഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ കേരളാ സർവകലാശാല വൈസ് ചാൻസലറിൽ നിന്ന് റിപ്പോർട്ട് തേടിയത്. സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ടതാണ്. എന്നാൽ ഇത് ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സാഹചര്യമുണ്ടായി. ഇത് എങ്ങനെ സംഭവിച്ചു എന്നതുൾപ്പെടെ വൈസ് ചാൻസലർ വിശദീകരണം നൽകണമെന്നായിരുന്നു ഗവർണർ നിർദേശിച്ചത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ പ്രശ്നങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും, എല്ലാ പ്രതികളെയും പിടികൂടുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ പ്രശ്നങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡോക്ടർമാർ അനുമതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി നാളെ രേഖപ്പെടുത്തും. അറസ്റ്റിലായ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here