വിദ്വേഷ ആക്രമണങ്ങൾ; ഇരകളുടെ സഹായത്തിന് ടോൾ ഫ്രീ നമ്പരുമായി ആക്ടിവിസ്റ്റുകൾ

ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾക്കെതിരെ പോരാടാനുറച്ച് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ. ഇരകളുടെ സഹായത്തിനായി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ‘യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്’ (യുഎഎച്ച്) എന്ന ആക്ടിവിസ്റ്റ് കൂട്ടായ്മയാണ് ഈ നീക്കത്തിനു പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ 1800-3133-60000 എന്ന ടോൾ ഫ്രീ നമ്പരാണ് വിദ്വേഷ ആക്രമണ ഇരകൾക്കായി ഇവർ അവതരിപ്പിച്ചത്.
നൂറിലധികം സ്ഥലങ്ങളിൽ പ്രവർത്തിച്ച് വിദ്വേഷ, ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രവർത്തനം നടത്തുമെന്ന് കൂട്ടായ്മ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെല്പ് ലൈൻ നമ്പർ ഇത്തരം സംഭവങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങൾക്ക് തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടായ്മ പറഞ്ഞു.
“ഇത്തരം ആക്രമണങ്ങളിലെ ഇരകൾക്ക് നിയമസഹായം ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇത്തരം സംഭവങ്ങളിൽ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സർക്കാർ എന്തൊക്കെ പറഞ്ഞിട്ടും, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ അവർക്ക് സാധിക്കുന്നില്ല.”- ആക്ടിവിസ്റ്റ് നദീം ഖാൻ ചടങ്ങിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here