യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തിന്റെ പേരിൽ എസ്എഫ്‌ഐയെ തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമം അപലപനീയമാണെന്നും എന്നാൽ ഇതിന്റെ പേരിൽ എസ്എഫ്‌ഐയെ തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോളേജിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ ശരിയല്ല. അക്രമികൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കും.
Read Also; കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ എസ്എഫ്‌ഐ കമ്മിറ്റി
കോളേജിൽ വർഷങ്ങളായി പ്രശ്‌നങ്ങളുണ്ടെന്ന പരാതി ശരിയല്ലെന്നും കടകംപള്ളി പറഞ്ഞു. സംഘർഷത്തിന്റെ പേരിൽ എസ്.എഫ്.ഐയെ ചവിട്ടിത്തേയ്ക്കാൻ നടത്തുന്ന ശ്രമം അംഗീകരിക്കാനാകില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയിൽ അഴിച്ചു പണിയും നവീകരണവുമുണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേ സമയം എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പിരിച്ചു വിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരമായി ഇന്ന് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്എഫ്‌ഐ ജില്ലാകമ്മിറ്റി യോഗമാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായ എ.ആർ റിയാസാണ് കമ്മിറ്റി ചെയർമാൻ.
കോളേജിലെ സംഘർഷത്തിനിടെ എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലും നേരത്തെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ മർദനമേറ്റ ഉമറും പുതിയ കമ്മിറ്റിയിലുണ്ട്. അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here